ആലപ്പുഴ, കോട്ടയം ജില്ലകളെ വേമ്പനാട് കായലിന് കുറുകെ ബന്ധിപ്പിക്കുന്ന സുപ്രധാന യാത്രാപദ്ധതിയായ മാക്കേക്കടവ് – നേരേകടവ് പാലം യാഥാർത്ഥ്യമാകുന്നു. പൂച്ചാക്കൽ മാക്കേക്കടവിൽ നാളെ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.
സതീശൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.
ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം.
ലിജു, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ.
ബിനിമോൻ, നാട്ടകം സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. മഹീന്ദ്രൻ, ജോഷി ഫിലിപ്, കലക്ടർമാരായ ഷാജി വി.
നായർ, ചേതൻകുമാർ മീണ, മുൻ എംപി എ.എം. ആരിഫ്, മുൻ എംഎൽഎ ദലീമ ജോജോ, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.
ബാബുപ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുറവൂർ – പമ്പ പാത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ പാലമാണിത്.
ഈ പരമ്പരയിലെ ആദ്യ പാലമായ തൈക്കാട്ടുശേരി – തുറവൂർ പാലം 2015ൽ തന്നെ ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. 2017 ജനുവരിയിലാണ് മാക്കേക്കടവ് – നേരേകടവ് പാലത്തിന് തറക്കല്ലിടുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതി കേസുകളും കാരണം പണികൾ വർഷങ്ങളോളം തടസ്സപ്പെടുകയായിരുന്നു.
തുടർന്ന് നിയമപരമായ തടസ്സങ്ങൾ നീങ്ങി 2024 മാർച്ചിലാണ് നിർമ്മാണം വീണ്ടും പുനരാരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്ന് 98.09 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.
ഏകദേശം 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിട്ടുള്ളത്. പാലത്തിന്റെ പടിഞ്ഞാറെക്കര ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിലും, കിഴക്കേക്കര കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലുമാണ് സ്ഥിതി ചെയ്യുന്നത്.
കാറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ ഇരുകരകളിലുള്ള നാട്ടുകാർക്ക് കായൽ കടന്നുപോകാൻ ഇതുവരെ കിലോമീറ്ററുകൾ ചുറ്റി കുന്നത്തൂർ കവലയും തണ്ണീർമുക്കം ബണ്ടിനെയും ആശ്രയിക്കേണ്ടിയിരുന്ന സ്ഥിതിക്കാണ് ഇതോടെ മാറ്റം വരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അവസാന വട്ട
ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കെഎസ്ഇബി അധികൃതർ ഇന്നലെ തന്നെ പാലത്തിലെ തെരുവുവിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുകയും രാത്രിയോടെ മുഴുവൻ വിളക്കുകളും തെളിക്കുകയും ചെയ്തു.
പാലത്തിലും അപ്രോച്ച് റോഡിലുമായി ആകെ 37 തെരുവുവിളക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മാക്കേക്കടവിൽ പാലത്തിന് സമീപം 2500 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൂറ്റൻ പന്തലും 50 പേർക്ക് ഇരിക്കാവുന്ന വേദിയുമാണ് ഒരുക്കിയിരിക്കുന്നത്.
പ്രദേശം മുഴുവൻ അലങ്കാര വിളക്കുകളാൽ പ്രകാശമാനമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഇന്നലെ രാവിലെ പൊലീസിന്റെ ഡോഗ് – ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാർ എന്നിവർ സ്ഥലത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി. രാത്രിയോടെ ജില്ലാ പൊലീസ് മേധാവി ടി.കെ.
വിഷ്ണു പ്രദീപ് നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. നേരേകടവ് ഭാഗത്ത് റോഡരികിലെ തോടിന് സംരക്ഷണ വേലി നിർമ്മിക്കുന്ന ജോലികളും ഇന്നലെ നടന്നു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നാളെ രാവിലെ മാക്കേക്കവലയിൽ നിന്ന് മാക്കേക്കടവിലേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മാക്കേക്കവലയിലെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
കവലയിൽ നിന്നും കിഴക്കോട്ട് ഏകദേശം 500 മീറ്റർ ദൂരം നടന്നാൽ മാക്കേക്കടവിലെ ഉദ്ഘാടന വേദിയിലെത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

