ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി അനുവദിച്ച വിസ്റ്റ ഡോം കോച്ചുകൾ കൊല്ലം – പുനലൂർ – ചെങ്കോട്ട വഴി സർവീസ് നടത്തുന്ന മധുര – ഗുരുവായൂർ എക്സ്പ്രസിന് അനുവദിച്ചു.
കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അത്യാധുനിക ബോഗികൾ ഉൾപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ അതായത് 22ന് സർവീസ് ആരംഭിക്കും.
ചെങ്കുത്തായ മലനിരകൾ, തുരങ്കങ്ങൾ, കുന്നിൻ ചരിവുകൾ, നദീതീരങ്ങൾ എന്നിവയിലൂടെയുള്ള അതിമനോഹരമായ കാഴ്ചകളാണ് കൊല്ലം – ചെങ്കോട്ട റെയിൽവേ പാത യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
ഈ റൂട്ടിൽ വിസ്റ്റ ഡോം കോച്ചുകൾ ഘടിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതോടെ കൂടുതൽ യാത്രാപ്രേമികളെയും സഞ്ചാരികളെയും ഈ പാതയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമഘട്ട
മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള ഈ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് വിസ്റ്റ ഡോം കോച്ചുകൾ അനുവദിക്കണമെന്ന് വർഷങ്ങളായി ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഗേജ് മാറ്റം പൂർത്തിയായി താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ച കാലം മുതൽ ഈ റൂട്ടിൽ വിസ്റ്റ ഡോം കോച്ചുകൾ വേണമെന്നായിരുന്നു പ്രധാന ആവശ്യം.
യാത്രാനുഭവം മാറ്റിയെഴുതാൻ വിസ്റ്റ ഡോം കോച്ചുകൾ യാത്രക്കാർക്ക് ട്രെയിനിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ പുറത്തെ പ്രകൃതി കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. സാധാരണ കോച്ചുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഗ്ലാസ് ജനലുകളും മേൽക്കൂരയിൽ ഗ്ലാസ് പാനലുകളുമാണ് ഇത്തരം കോച്ചുകളുടെ പ്രധാന പ്രത്യേകത.
ഇതുവഴി യാത്രാവേളയിലെ പ്രകൃതിഭംഗി യാതൊരു തടസ്സവുമില്ലാതെ വിശാലമായി കാണാൻ സാധിക്കും. സഞ്ചാരികളുടെ കാഴ്ചകൾക്കനുസരിച്ച് സീറ്റുകൾ തിരിക്കാൻ സാധിക്കുന്ന റൊട്ടേറ്റിംഗ് സംവിധാനവും ഇതിലുണ്ട്.
കൂടുതൽ വിശാലമായ ഇരിപ്പിടങ്ങളും ആകർഷകമായ ഇന്റീരിയർ ഡിസൈനും ഈ കോച്ചുകളുടെ സവിശേഷതയാണ്. പ്രധാന സർവീസ് വിവരങ്ങൾ 22 മുതൽ 2027 ജനുവരി 15 വരെയാണ് ഈ റൂട്ടിൽ വിസ്റ്റ ഡോം കോച്ച് ഘടിപ്പിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ: 16327/16328 മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിലാണ് ഈ നവീന കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രെയിൻ നമ്പർ: 16327 മധുര – ഗുരുവായൂർ എക്സ്പ്രസിൽ 23 മുതൽ 2027 ജനുവരി 16 വരെയും ഈ കോച്ചുകൾ ലഭ്യമാകും.
പശ്ചിമഘട്ടത്തിന്റെ മനംമയക്കുന്ന പ്രകൃതിദൃശ്യങ്ങൾ അനുഭവിച്ചറിഞ്ഞുകൊണ്ട് വിസ്റ്റ ഡോം കോച്ചിൽ തികച്ചും അവിസ്മരണീയമായ ഒരു യാത്രാനുഭവമാണ് ഇനി യാത്രാപ്രേമികളെ കാത്തിരിക്കുന്നത്. കൊല്ലം– ചെങ്കോട്ട
റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് പ്രകൃതിഭംഗി പൂർണ്ണമായി ആസ്വദിച്ചു യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിലെ റെയിൽവേ യാത്രാ ചരിത്രത്തിന് പുതിയൊരു മാനം നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

