കോട്ടയം ∙ പാലായിലും കോട്ടയത്തും പൂർണ മത്സരചിത്രം തെളിഞ്ഞു. മറ്റു മണ്ഡലങ്ങളിൽ ഭാഗിക മത്സരചിത്രമായി.
ഒന്നിനു പിന്നാലെ ഒന്നായി മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ മണ്ഡലങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലായി.
പാലായിൽ പതിവിലും ചൂട്
3 മുന്നണി സ്ഥാനാർഥികളെയും പ്രഖ്യാപിച്ച ജില്ലയിലെ ആദ്യ മണ്ഡലമായ പാലായിൽ ശക്തമായ ത്രികോണപ്പോരിനു കളമൊരുങ്ങുന്നു. സിറ്റിങ് എംഎൽഎ മാണി സി.കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി എത്തുമ്പോൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എൽഡിഎഫിനായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എൻഡിഎയ്ക്കായും മത്സരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭ പിടിച്ചെടുത്തതും പാലായിലെ പഞ്ചായത്തുകളിൽ ഭരണം പിടിച്ചതും ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പാലായിൽ നേടിയ ഭൂരിപക്ഷവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ച ആകെ വോട്ടിൽ മുന്നിൽ നിൽക്കുന്നത് എൽഡിഎഫിന് പ്രതീക്ഷയാണ്.
പഴയ പൂഞ്ഞാർ മണ്ഡലത്തിലെ ഭാഗങ്ങളും ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തുകളും ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎയ്ക്കായി ഷോൺ ജോർജിന്റെ മത്സരം.
കോട്ടയത്ത് ചുമരെഴുത്ത് തെളിഞ്ഞു
ഔദ്യോഗിക പ്രഖ്യാപനം എത്താനിരിക്കെ പോസ്റ്ററുകളും ചുവരെഴുത്തും പ്രചാരണങ്ങളുമായി സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫിനായും സ്ഥാനാർഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിൽ സജീവമായി കെ.അനിൽ കുമാർ എൽഡിഎഫിനായും കളം നിറയുന്നു. എൻഡിഎയ്ക്കായി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം പി.അനിൽ കുമാർ കൂടി എത്തിയതോടെ മത്സരചിത്രം തെളിഞ്ഞു.
ഒരു നഗരസഭയും 2 പഞ്ചായത്തുകളും മാത്രം അടങ്ങുന്ന കോംപാക്ട് മണ്ഡലമായ കോട്ടയത്ത് സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് ഏറ്റുന്ന ഒരു ഘടകം വോട്ടർപട്ടിക പരിഷ്കരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ഇക്കുറി കോട്ടയത്ത് കുറഞ്ഞിട്ടുണ്ട്.
എൻഡിഎയിൽ ധാരണ, പിന്നാലെ പ്രഖ്യാപനം
കഴിഞ്ഞ തവണ മത്സരിച്ച 2 സീറ്റുകൾ ബിജെപി ഏറ്റെടുത്തതോടെ ഏതു സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കാക്കുകയായിരുന്നു ജില്ലയിലെ ബിഡിജെഎസ് നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച പൂഞ്ഞാർ പി.സി.ജോർജിന്റെ വരവോടെ വിട്ടുനൽകി.
അടുത്തിടെ സിപിഐയിൽനിന്ന് കെ.അജിത് ബിജെപിയിൽ എത്തിയതോടെ വൈക്കം സീറ്റും നൽകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇതു മുന്നിൽക്കണ്ട് കോട്ടയം, കടുത്തുരുത്തി സീറ്റുകൾ ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ജില്ലയിലെ സ്റ്റാർ കാൻഡിഡേറ്റായി രംഗത്ത് എത്തിച്ചെങ്കിലും വിമതശബ്ദം ആദ്യം തന്നെ കല്ലുകടിയായി.
ന്യൂനപക്ഷ മോർച്ച ദേശിയ വൈസ് പ്രസിഡന്റ് നോബിൾ മാത്യുവാണ് വിമതശബ്ദം ഉയർത്തിയത്. കഴിഞ്ഞ തവണയും മുൻ കേന്ദ്രമന്ത്രി പരിവേഷത്തോടെ അൽഫോൻസ് കണ്ണന്താനത്തെയാണു കാഞ്ഞിരപ്പള്ളിയിൽ ബിജെപി രംഗത്തിറക്കിയത്.
പൂഞ്ഞാറിലും വൈക്കത്തും മുൻ എംഎൽഎമാർ ബിജെപിക്കാരായി സ്ഥാനാർഥികളാകുന്നതും കൗതുകം!
പൂഞ്ഞാറിൽ പി.സി.ജോർജ് എൽഡിഎഫ്, യുഡിഎഫ്, സ്വതന്ത്ര സ്ഥാനാർഥിയായി എംഎൽഎ ആയിട്ടുണ്ട്. രണ്ടു തവണ സിപിഐയുടെ എംഎൽഎയായിരുന്നു അജിത്.
പുതുപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകളിലാണ് ഇനി ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്.
കേരള കോൺഗ്രസും (എം) പറഞ്ഞു; എൽഡിഎഫ് പട്ടികയായി
കേരള കോൺഗ്രസ് (എം) കൂടി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. സിപിഎമ്മും സിപിഐയും കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ജില്ലയിൽ എൽഡിഎഫിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് കേരള കോൺഗ്രസി (എം)ൽ നിന്നാണ്; 5 പേർ. സിപിഎം–3, സിപിഐ –1 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റുകൾ.
ഒരേ പേരുകാർ
കോട്ടയം മണ്ഡലത്തിൽ എൽഡിഎഫിനും എൻഡിഎയ്ക്കും ഒരേ പേരുകാരാണ് സ്ഥാനാർഥികൾ.
എൽഡിഎഫിനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽ കുമാർ സ്ഥാനാർഥിയാകുമ്പോൾ എൻഡിഎയ്ക്കായി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം പി.അനിൽ കുമാർ സ്ഥാനാർഥിയാകുന്നു.
നിർമല എന്ന വനിത
കേരള കോൺഗ്രസ് (എം) ന് ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി ആദ്യം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി കടുത്തുരുത്തിയിൽ സ്ഥാനാർഥിയാകും.
കോട്ടയം ജില്ലക്കാരിയായ സിന്ധുമോൾ ജേക്കബ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി പിറവത്ത് മത്സരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

