ആലപ്പുഴ ∙ വാട്ടർ മെട്രോ സാധ്യതാപഠന റിപ്പോർട്ട് പ്രകാരം ആദ്യഘട്ടത്തിൽ ജില്ലയിൽ മൂന്നു റൂട്ടുകൾ സർവീസിനു പരിഗണനയിൽ. ആലപ്പുഴ കെഎസ്ആർടിസി– പുന്നമട– മുഹമ്മ, പാതിരാമണൽ– കുമരകം– ചീർപ്പുങ്കൽ– തണ്ണീർമുക്കം ബണ്ട്, മുഹമ്മ– പാതിരാമണൽ– കുമരകം എന്നീ റൂട്ടുകളിൽ ആദ്യം സർവീസ് ആരംഭിക്കാമെന്നാണു റിപ്പോർട്ടിലെ പരാമർശം.
നിലവിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും വലിയ ഹൗസ്ബോട്ടുകളും ഉൾപ്പെടെ സർവീസ് നടത്തുന്ന ഈ റൂട്ടുകളിൽ കായലിന് ആവശ്യത്തിന് ആഴമുണ്ടെന്നത് അനുകൂല ഘടകമാണ്.
ദേശീയ ജലപാത 68ലൂടെയാകും ആലപ്പുഴ– മുഹമ്മ സർവീസ്. മുഹമ്മ– കുമരകം റൂട്ടിലും പാതിരാമണലിലേക്കും നിലവിൽ ബോട്ടുകൾ പോകുന്നതിനാൽ ബോട്ട് ജെട്ടികൾ മാത്രം സജ്ജമാക്കിയാൽ മതി.
ജില്ലയിൽ ആകെ 8 റൂട്ടുകളിലാണു വാട്ടർ മെട്രോ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ടാംഘട്ടമായി 4 റൂട്ടുകളാണു പരിഗണനയിൽ.
കെഎസ്ആർടിസി– പുന്നമട– കൈനകരി– നാട്ടകം റൂട്ട്, മീനപ്പള്ളി– ചേന്നങ്കരി– മങ്കൊമ്പ് റൂട്ട്, മങ്കൊമ്പ്– പുളിങ്കുന്ന്– കിടങ്ങറ റൂട്ട്, കെഎസ്ആർടിസി– മീനപ്പള്ളി കായൽ റൂട്ട് എന്നിവയാണവ. മൂന്നാം ഘട്ടമായി കിടങ്ങറ– കാവാലം റൂട്ടിലും വാട്ടർ മെട്രോ പരിഗണിക്കും.
15 ടെർമിനൽ
വാട്ടർ മെട്രോ സർവീസിനായി ജില്ലയിൽ 15 ടെർമിനലുകളാണു ശുപാർശ ചെയ്തിട്ടുള്ളത്.
ആലപ്പുഴ കെഎസ്ആർടിസി, പുന്നമട, മുഹമ്മ, പാതിരാമണൽ മറീന, കൈനകരി, കുമരകം, തണ്ണീർമുക്കം ബണ്ട്, ചീർപ്പുങ്കൽ ടൂറിസ്റ്റ് ആൻഡ് ബോട്ട് ടെർമിനൽ, നാട്ടകം, കാവാലം, മങ്കൊമ്പ് ടൂറിസ്റ്റ് ടെർമിനൽ, പുളിങ്കുന്ന് ടൂറിസ്റ്റ് ടെർമിനൽ, കിടങ്ങറ ടൂറിസ്റ്റ് ടെർമിനൽ, മീനപ്പള്ളി കായൽ സെന്റർ ടൂറിസ്റ്റ് ടെർമിനൽ, ചേന്നങ്കരി ടെർമിനൽ എന്നിവ. ഫ്ലോട്ടിങ് പോണ്ടൂണുകൾ (ജെട്ടികൾ) ഉപയോഗിക്കുന്നതിനാൽ വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടിന്റെ അതേനിരപ്പിൽ തന്നെ പൊങ്ങിക്കിടക്കുന്നതു ബോട്ടുകളിൽ കയറാനും ഇറങ്ങാനും സൗകര്യമാകും.
61 എസി ബോട്ട്, 1370 കോടി ചെലവ്
ആകെ 1370 കോടി രൂപ ചെലവിൽ മൂന്നു ഘട്ടമായി 87.77 കിലോമീറ്റർ നീളത്തിലാണു വാട്ടർ മെട്രോ റൂട്ടുകൾ സജ്ജമാക്കുക.
മെട്രോ റെയിലിനു സമാനമായ സൗകര്യങ്ങളുള്ള, 100 പേർക്കു സഞ്ചരിക്കാവുന്ന 61 എസി ബോട്ടുകൾ സർവീസിന് ഉണ്ടാകും. വൈദ്യുതിക്കു പുറമേ ഡീസലിലും പ്രവർത്തിക്കാവുന്ന ഹൈബ്രിഡ് ബോട്ടുകളാകും ഇവ.
രാജ്യത്തെ 16 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചതിനൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. സാങ്കേതിക പഠനവും വിശദ പദ്ധതിരേഖയും തയാറാക്കി അനുമതി വാങ്ങിയാലേ പദ്ധതി നടപ്പാക്കുന്നതിലേക്കു കടക്കൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

