ചേർത്തല താലൂക്ക് ഓഫീസിലെ അറ്റൻഡറും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖലാ പ്രസിഡന്റുമായ രാജേഷ് ഖന്നയെ 71 കിലോമീറ്ററിലധികം അകലെയുള്ള ചെങ്ങന്നൂർ താലൂക്ക് ഓഫീസിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ആലപ്പുഴ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഈ മാസം 24ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു ഈ സ്ഥലംമാറ്റം നടപ്പിലാക്കിയിരുന്നത്.
ഭരണസൗകര്യം മുൻനിർത്തിയാണ് സ്ഥലംമാറ്റമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും, നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് കൗൺസിൽ കളക്ടർക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, റവന്യൂ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി രാജേഷ് ഖന്ന സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ നിർണ്ണായകമായ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും വിവിധ കോടതി വിധികളുടെയും ലംഘനമാണെന്ന് വിലയിരുത്തിയ ട്രൈബ്യൂണൽ, ഹർജിക്കാരന്റെ ഭാഗം കേട്ട
ശേഷം ഒരു മാസത്തിനകം ഉത്തരവ് പുനഃപരിശോധിക്കാനും അതുവരെ കളക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറുടെ 24/6/2026-ലെ ഉത്തരവ് നിലനിൽക്കെയാണ് ഈ അന്യായ നടപടിയുണ്ടായതെന്നായിരുന്നു പ്രധാന പരാതി.
സമാനമായ കേസിൽ മലപ്പുറം ജില്ലാ കളക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണർ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ആലപ്പുഴ കളക്ടർ വീണ്ടും ജീവനക്കാരനെ വിദൂര സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ശക്തമായി ആരോപിച്ചു.
ജില്ലയിലെ റവന്യൂ ജീവനക്കാരെ സർക്കാർ ഉത്തരവുകളും കോടതി വിധികളും ലംഘിച്ച് മനുഷ്യത്വരഹിതമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജി. ഐബു, പ്രസിഡന്റ് ഷഹീർ ഷരീഫ് എന്നിവർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

