കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 8 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പുതിയ കാത്ത് ലാബ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 15 വർഷം വരെ ഉപയോഗിക്കാം.
ഫിലിപ്സ് കമ്പനിയുടെ കാത്ത് ലാബാണ് സ്ഥാപിച്ചത്. ഹൃദ്രോഗ വിഭാഗത്തിൽ രണ്ട് കാത്ത് ലാബ് ഉണ്ടായിരുന്നതിൽ ഒരെണ്ണം പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പുതിയത് സ്ഥാപിച്ചത്. നിലവിലുള്ള ഒരു കാത്ത് ലാബ് ഉപയോഗിച്ച് ദിവസേന 25ഓളം ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നുണ്ട്.
പുതിയത് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അതിനനുസരിച്ച് ഡോക്ടർമാരെ നിയമിക്കേണ്ടി വരും.
വർഷങ്ങളായി 2 ഡോക്ടർമാരുടെ ഒഴിവ് നികത്താതെ കിടക്കുന്നു. 2 ടെക്നീഷ്യൻമാരുടെയും ഒഴിവ് നികത്താനുണ്ട്.
മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് 70,000 രൂപ മുതൽ 90,000 വരെയാണ് ചെലവ് വരുന്നത്. സ്വകാര്യ മേഖലയിൽ 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് നിരക്ക്.
മെഡിക്കൽ കോളജിൽ ആൻജിയോഗ്രാം ചെയ്യുന്നതിന് 5,000 രൂപയാണ് ചെലവ്.
ഡോക്ടർമാർക്ക് ക്ഷാമം !407 പേർ വേണ്ടിടത്ത് 316 പേർ മാത്രം
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളിലുമായി 407 ഡോക്ടർമാർ വേണ്ടയിടത്ത് 316 പേർ മാത്രമാണുള്ളത്. പല വിഭാഗങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.
കൂടുതൽ ബാധിച്ചിട്ടുള്ളത് ഗൈനക്കോളജി വിഭാഗത്തെയാണ്. ഇവിടെ 8 ഡോക്ടർമാരുടെ കുറവാണുള്ളത്.
അസിസ്റ്റന്റ് പ്രഫസർമാരായി ജോലി ചെയ്യേണ്ടി വരുമ്പോഴും ശമ്പളം റസിഡന്റ്സിന്റെ മാത്രം. ഇതു മൂലം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഡോക്ടർമാരെ കിട്ടാനില്ല.
നവംബർ 5നും ഡിസംബർ 8നും വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഡോക്ടർമാരെ അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും 2 ഡോക്ടർമാർ മാത്രമാണെത്തിയത്.
രോഗി സാന്ദ്രത നോക്കാതെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായാണു ഐഎംസി ഡോക്ടർമാരുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകളിൽ രോഗി സാന്ദ്രത കൂടി നോക്കണമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

