സ്ത്രീകൾക്കായുള്ള സൗജന്യബസ് യാത്ര പദ്ധതിയായ പ്രിയദർശിനി ഇന്ന് ചരിത്രപരമായ നൂറാം ദിനത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ വനിതകൾ നടത്തിയ യാത്രകളുടെ എണ്ണം ഏകദേശം 13 കോടി കവിഞ്ഞതായി മന്ത്രി സി.പി.ജോൺ വ്യക്തമാക്കി.
പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സൗജന്യ ടിക്കറ്റുകൾ വഴി മാത്രം വനിതകൾക്ക് ലഭിച്ചത് 275 കോടി രൂപയുടെ ആനുകൂല്യമാണ്. പ്രതിദിനം ശരാശരി 12.93 ലക്ഷം യാത്രികരാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നത്.
ഏറ്റവും അധികം സ്ത്രീകൾ കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടത്തിയ സുപ്രധാന ദിവസം സെപ്റ്റംബർ 7 ആണ്. അന്ന് മാത്രം 15.53 ലക്ഷം പേർ യാത്ര ചെയ്യുകയും, ഇതിന്റെ ടിക്കറ്റ് മൂല്യം 3.29 കോടി രൂപ ആകുകയും ചെയ്തു.
പദ്ധതി നിലവിൽ വന്നതോടുകൂടി യാത്രാ കണക്കുകളിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ആഴ്ചകളിൽ ആകെ പ്രതിദിന യാത്രക്കാരുടെ എണ്ണം 24.66 ലക്ഷം ആയിരുന്നത് നിലവിൽ 12.1% വർധിച്ച് 27.63 ലക്ഷമായി ഉയർന്നു.
തുടക്കത്തിൽ ആകെ യാത്രക്കാരിൽ 62% വനിതകളായിരുന്നെങ്കിൽ, ഇപ്പോൾ അത് 68.9% ആയി വർധിച്ചു. സാമ്പത്തിക കണക്കുകൾ പരിശോധിച്ചാൽ, സെപ്റ്റംബറിലെ സൗജന്യ യാത്രാ തുക മാറ്റിവെച്ചാൽ പോലും കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ ശരാശരി 5.75 കോടി രൂപയാണ്.
ജൂലൈ മാസത്തിൽ ഇത് 5.45 കോടി രൂപയും ഓഗസ്റ്റിൽ 5.43 കോടി രൂപയുമായിരുന്നു. കെഎസ്ആർടിസിക്ക് ആവശ്യമായ തുക മുൻകൂറായി അനുവദിക്കുന്നത് കേരള ഫിനാൻഷ്യൽ കോർപറേഷനാണ് (കെഎഫ്സി).
ഓരോ 15 ദിവസം കൂടുമ്പോഴും ബജറ്റ് വിഹിതത്തിൽ നിന്നും സർക്കാരാണ് ഈ തുക കെഎസ്ആർടിസിക്ക് തിരികെ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

