എരുമേലി ∙ 5 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഗ്യാസ് ക്രിമറ്റോറിയത്തിൽ ഇതുവരെ ഒരു സംസ്കാരം പോലും നടത്തിയിട്ടില്ല. 2015–20 വർഷത്തെ പഞ്ചായത്ത് ഭരണസമിതിയാണ് 70 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിന്റെ കവുങ്ങുംകുഴിയിലുള്ള സ്ഥലത്ത് ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്.
2020 ഒക്ടോബർ 16ന് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ആയിരുന്നു ആഘോഷമായി ക്രിമറ്റോറിയം ഉദ്ഘാടനം നിർവഹിച്ചത്.
ഉദ്ഘാടനത്തിനു ശേഷം അടച്ചുപൂട്ടിയ ക്രിമറ്റോറിയം തുറന്ന് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണെന്നാണു ഭരണസമിതി പറയുന്നത്.
ഡമ്മി പരീക്ഷണം പാളി, പദ്ധതി കാടുകയറി
ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായി മൃതദേഹത്തിനു പകരം ഡമ്മി വച്ച് ഏജൻസി പ്രവർത്തിപ്പിച്ച് കാണിച്ചു. സമീപ പഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ സേവനം ചെയ്യുന്നവരെയാണ് ഇതിനായി വിളിച്ചത്. എന്നാൽ ഗ്യാസ് ഓൺ ആക്കി തീ കൊടുത്തതോടെ ക്രിമറ്റോറിയത്തിന്റെ ഗ്യാസ് ചേംബറിൽ നിന്ന് തീ പുറത്തേക്ക് ആളി.
അന്ന് പ്രവർത്തിപ്പിക്കാനെത്തിയവർ ഓടി മാറിയതുമൂലം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നിർമാണത്തിലെ അപാകതയാണ് പ്രശ്നമെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും പഞ്ചായത്ത് ഏജൻസി അധികൃതരോട് നിർദേശിച്ചു.
28 ഗ്യാസ് സിലിണ്ടറുകൾ ഒരുമിച്ച് വച്ച് പൈപ്പ് വഴി ഗ്യാസ് കടത്തിവിട്ട് ആയിരുന്നു പ്രവർത്തനം. നിർമാണത്തിലെ അപാകതയിലാണു തീ പുറത്തേക്ക് ആളിയത്.
എന്നാൽ, നിർമാണത്തിൽ അപാകതയില്ലെന്നും പഞ്ചായത്ത് നൽകാനുള്ള 2 ലക്ഷം രൂപ നൽകണം എന്ന ആവശ്യവുമായി ഏജൻസി പഞ്ചായത്തിനു കത്ത് നൽകി. തുടർന്ന് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമം ആക്കിയാൽ മാത്രം ബാക്കിയുള്ള പണം നൽകിയാൽ മതിയെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തു. ഈ തർക്കം നീണ്ടുപോയതോടെ ഗ്യാസ് ക്രിമറ്റോറിയം കാട് കയറുകയായിരുന്നു.
പ്രയോജനങ്ങൾ
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലിയിൽ പൊതുശ്മശാനം വേണം എന്ന ആശയത്തിൽ നിന്നാണ് ഗ്യാസ് ക്രമറ്റോറിയം നിർമിക്കാൻ അന്നത്തെ ഭരണസമിതി തീരുമാനം എടുത്തത്.
ജനവാസം കൂടിയ എരുമേലി നഗരത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് വീട് വച്ച് ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാസ് ക്രിമറ്റോറിയം നിർമിക്കുന്നതിനു തീരുമാനിച്ചത്.
ശബരിമല യാത്രയിൽ മരണപ്പെടുന്ന തീർഥാടകരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി അടക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും എരുമേലിയിൽ സംസ്കാരം നടത്താനുള്ള സൗകര്യം അന്വേഷിച്ച് ബന്ധുക്കൾ എത്താറുണ്ട്. ഇതുകൂടാതെ അനാഥാലയങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളിലും സംസ്കാരം നടത്താൻ ക്രിമറ്റോറിയം പ്രയോജനം ചെയ്യും എന്നായിരുന്നു പ്രതീക്ഷ.
കോവിഡ് കാലത്തും അല്ലാത്ത സമയങ്ങളിലും അടക്കാൻ സ്ഥലമില്ലാത്ത ഒട്ടേറെ പേരെയാണ് മുണ്ടക്കയം പഞ്ചായത്തിലും ചിറക്കടവ് പഞ്ചായത്തിലും കൊണ്ടുപോയി സംസ്കാരം നടത്തിയത്. ഇതിനു പരിഹാരമായിട്ടാണ് എരുമേലി പഞ്ചായത്ത് ക്രിമറ്റോറിയത്തെ കണ്ടത്.
ഫണ്ട് നൽകിയതിൽ ആക്ഷേപം
എരുമേലി പഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം നിർമാണം തുടങ്ങിയ ശേഷം സമീപ പഞ്ചായത്തായ മുണ്ടക്കയം പഞ്ചായത്തിൽ ക്രിമറ്റോറിയം നിർമിക്കുന്നതിന് ക്രമവിരുദ്ധമായി എരുമേലി പഞ്ചായത്ത് 2 ലക്ഷം രൂപ നൽകിയതായി പൊതുപ്രവർത്തകൻ ലൂയിസ് എരുമേലി ആരോപിച്ചു.
ഒരു പദ്ധതി പഞ്ചായത്തിൽ ഉള്ളപ്പോൾ അതേ പദ്ധതിക്ക് വേണ്ടി മറ്റൊരു പഞ്ചായത്തിനു ഫണ്ട് നൽകുന്നത് പഞ്ചായത്തീരാജ് ചട്ട പ്രകാരം ക്രമവിരുദ്ധമാണ്.
ഈ ക്രമക്കേട് നടത്തിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചതായും ലൂയിസ് എരുമേലി പറഞ്ഞു.
“ക്രിമറ്റോറിയം നിർമാണം നടത്തിയ ഏജൻസി അറ്റകുറ്റപ്പണികൾ നടത്തിയതോടെ അവർക്ക് നൽകാനുള്ള പണം നൽകാൻ തീരുമാനം എടുത്തിട്ടുണ്ട്. ക്രിമറ്റോറിയം ഉടൻ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും.”
മറിയാമ്മ സണ്ണി, പഞ്ചായത്ത് പ്രസിഡന്റ്, എരുമേലി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

