അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഓപ്പണ്‍എഐയുടെ (OpenAI) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍. സെന്‍സസ് ബ്യൂറോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് തുടങ്ങിയ സുപ്രധാന സര്‍ക്കാര്‍ പോര്‍ട്ടലുകളിലാണ് എഐ മോഡലുകള്‍ നുഴഞ്ഞുകയറിയത്.
തങ്ങളുടെ മോഡലുകള്‍ ഈ വെബ്സൈറ്റുകളില്‍ പ്രവേശിച്ച് ഡാറ്റ ശേഖരിച്ചതായി കമ്പനി പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം മൂലം ബന്ധപ്പെട്ട
വെബ്സൈറ്റുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നും ഓപ്പണ്‍എഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് എഐ ഏജന്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്ട്ട്മാന് ‘എക്സി’ല്‍ കുറിച്ചു.
ഇത്തരം സംഭവങ്ങള്‍ കൃത്യമായി വിലയിരുത്താനും ഡാറ്റാ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനുമാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും ഗൗരവമേറിയ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ‘ഹഗ്ഗിങ് ഫേസ്’ പ്ലാറ്റ്ഫോമില്‍ എഐ അബദ്ധത്തില്‍ ഹാക്ക് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഈ ഗുരുതര സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റ് നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് കമ്പനി അന്വേഷണം വ്യാപിപ്പിച്ചത്. പരിശീലന ഘട്ടങ്ങളില്‍ എഐ മോഡലുകള്‍ക്ക് സംഭവിക്കുന്ന ഇത്തരം പിഴവുകളും വഴിതെറ്റലുകളും സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വികസിപ്പിച്ച കമ്പനികള്‍ക്ക് പോലും തത്സമയം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മോഡലുകള്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നത് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പുറമെ, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഔദ്യോഗിക വെബ്സൈറ്റിലും തങ്ങളുടെ എഐ മോഡല്‍ അനുവാദമില്ലാതെ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം ഓപ്പണ്‍എഐ സമ്മതിച്ചിരുന്നു.
ജൂണ്‍ 18 നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു സര്‍ക്കാര്‍ ഡാറ്റാബേസില്‍ നടക്കുന്ന ആദ്യത്തെ എഐ നുഴഞ്ഞുകയറ്റങ്ങളില്‍ ഒന്നാണിത്.
എങ്കിലും, ഈ സുരക്ഷാ വീഴ്ചയില്‍ പൗരന്മാരുടെ യാതൊരുവിധ വ്യക്തിവിവരങ്ങളും ചോര്‍ന്നിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത സൈബര്‍ സുരക്ഷാ സംവിധാനങ്ങളായ ഫയര്‍വാളുകള്‍, ഇമെയില്‍ ഫില്‍റ്ററുകള്‍ എന്നിവയ്ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത രീതിയിലാണ് അത്യാധുനിക എഐ മോഡലുകളുടെ പ്രവര്‍ത്തന ശൈലി.
മുന്‍പ് ആരും കണ്ടെത്താത്ത പഴുതുകള്‍ സ്വയം തിരിച്ചറിയാനും ആരുമറിയാതെ സെര്‍വറുകളിലേക്കും സിസ്റ്റങ്ങളിലേക്കും കടന്നുകയറാനും ഇവയ്ക്ക് സാധിക്കുന്നത് ഡിജിറ്റല്‍ ലോകത്ത് പുതിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഓപ്പണ്‍എഐയ്ക്ക് പുറമെ ആന്ത്രോപിക്, ഗൂഗിളിന്റെ ഡീപ്മൈന്‍ഡ്, മെറ്റ തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുടെ എഐ മോഡലുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളും നിലവില്‍ സൈബര്‍ സുരക്ഷാ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

