പത്തനംതിട്ട ∙ കുളനട
പഞ്ചായത്ത്, മെഴുവേലി പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിലുള്ള മലമ്പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന മലയായ കടലിക്കുന്നിലെ മണ്ണെടുപ്പ് നിർത്തണമെന്നാവശ്യപ്പെട്ട് കടലിക്കുന്ന് സംരക്ഷണ സമിതി. കുളനട
പഞ്ചായത്തിലെ ഉള്ളന്നൂർ, കടലിക്കുന്ന്, പുതുവാക്കൽ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മലനിരകളിൽ ഉയർന്നതും പ്രധാന മലയുമാണ് കടലിക്കുന്ന്.
ഈ പ്രദേശങ്ങളിലെ പാരിസ്ഥിതിക നിലനില്പിനും ഭൂമിക്കും ഭൂഗർഭ ജലത്തിനും കുടിവെള്ളത്തിനും കൃഷിക്കും പ്രധാന്യമുള്ള സ്ഥലമാണിതെന്നും മലയിലും മലയ്ക്ക് ചുറ്റിലുമായി 100 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെന്നും നാട് ആശ്രയിക്കുന്ന ജല സ്രോതസ്സാണിതെന്നും സംരക്ഷണ സമിതി പറഞ്ഞു. കുളനട
മെഴുവേലി പഞ്ചായത്ത് പ്രദേശങ്ങളിൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന കടലിക്കുന്ന് ശുദ്ധജല പദ്ധതിയുടെ ജലസംഭരണി മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.
സ്ഥലത്ത് മണ്ണെടുപ്പ് തുടർന്നാൽ മലയുടെ ഏറ്റവും മുകൾ ഭാഗത്തിന് ബലക്ഷയം സംഭവിക്കുകയും മഴക്കാലത്ത് വൻ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്യുമെന്ന് സംരക്ഷണ സമിതി പറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളോ ജനങ്ങളുടെ സുരക്ഷയോ പരിഗണിക്കാതെ വ്യാവസായിക അടിസ്ഥാനത്തിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് സംരക്ഷണ സമിതി ആരോപിച്ചു.
പാരിസ്ഥിതിക ലോല മേഖല;പഞ്ചായത്തിനെയും മറികടന്ന് മണ്ണെടുപ്പ്
2014 ൽ പ്രദേശത്തു നിന്നു മണ്ണെടുപ്പ് നടത്താൻ ശ്രമിക്കുകയും പ്രാദേശിക എതിർപ്പുകളെ തുടർന്ന് റവന്യൂ വകുപ്പും ജിയോളജിയും ചേർന്ന് നടത്തിയ പരിസ്ഥിതി പഠനത്തിൽ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാണെന്നും മണ്ണെടുക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് റദ്ദാക്കുകയായിരുന്നു.
പിന്നീട്, 2023 ൽ അനുമതി ലഭിച്ചതോടെ വീണ്ടും മണ്ണെടുപ്പ് തുടരുകയാണ് 2014ൽ പ്രദേശത്ത് മണ്ണെടുപ്പ് തുടങ്ങിയ സമയം മുതൽ കുളനട പഞ്ചായത്തിൽ മാറിമാറി വന്നിട്ടുള്ള വിവിധ ഭരണസമിതികൾ മണ്ണെടുപ്പ് അനുവദിക്കാൻ പാടില്ല എന്ന് പ്രമേയം പാസാക്കുകയും കമ്മിറ്റി തീരുമാനമാക്കി ജിയോളജി, ആർഡിഒ, കലക്ടർ എന്നിവർക്ക് സമർപ്പിക്കുകയും ചെയ്തു.
ഇപ്പോഴുള്ള അനുമതി കൊടുത്തിരിക്കുന്നത് പഞ്ചായത്ത് കൊടുത്ത മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചുകൊണ്ടാണെന്നും കുളനട പഞ്ചായത്തിനെ അറിയിക്കാതെയാണെന്നും സംരക്ഷണ സമിതി ആരോപിക്കുന്നു.
ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ
കലക്ടർ മണ്ണെടുപ്പ് സ്ഥലം സന്ദർശിക്കുന്നത് വരെ പ്രദേശത്തെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഇലവുംതിട്ട
എസ്എച്ച്ഓയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും വലിയ ടോറസ് ലോറികളിൽ രാപകൽ വ്യത്യാസമില്ലാതെ നടത്തുന്ന മണൽ ഖനനവും കടത്തലും കാരണം പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഇത് നിർത്തലാക്കി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സംരക്ഷണ സമിതി അംഗങ്ങളായ സന്തോഷ് കുമാർ, ശശി പന്തളം, എബി മലഞ്ചരുവിൽ, ശോഭന അച്യുതൻ, ശോഭ മധു എന്നിവർ പറഞ്ഞു.
മരണം സംഭവിച്ചിട്ടും അമിത ഭാരവും കയറ്റി കടത്ത് തുടരുന്നു
നിയമവ്യവസ്ഥകൾ പാടെ ലംഘിച്ചുള്ള മണൽ ഖനനം നടത്തുന്നതിന്റെ ഫലമായി ആണ് 30 അടി അധികം ഉയരത്തിൽ നിന്നും മണ്ണു മാന്തി യന്ത്രം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി ഏപ്രിൽ 20ന് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് പ്രദേശവാസികളുടെ എതിർപ്പും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചുമതലയുള്ള ഉള്ള സബ് കലക്ടർ സംഭവസ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളെ കാണുകയും ഇനി ഒരിക്കലും ഇവിടെ നിന്നും മണ്ണ് എടുക്കാൻ അനുമതി നൽകില്ല എന്ന് ഉറപ്പു നൽകിയിട്ടുള്ളതുമാണെന്ന് ഇവർ പറഞ്ഞു.
എന്നാൽ ഒരു ഇടവേളക്ക് ശേഷം മണ്ണെടുപ്പ് വീണ്ടും സജീവമായെന്നും കഴിഞ്ഞ ദിവസം സമരസമിതി പഞ്ചായത്ത് പ്രസിഡന്റും, ജനപ്രതിനിധികളും പ്രദേശവാസികളും ഒത്തുകൂടുകയും അനുവദനീയമായ അളവിൽ കൂടുതൽ മണ്ണുമായി വന്ന വാഹനം തടയുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ഇലവുംതിട്ട പൊലീസ്, സമരക്കാരുടെ ആവശ്യപ്രകാരം വാഹനത്തിന്റെ ഭാരം പരിശോധിക്കാൻ നിർദേശിച്ചു.
പരിശോധനയിൽ അനുവദനീയമായതിൽ കൂടുതൽ മണ്ണ് ഉണ്ടെന്ന് കണ്ടെത്തിയതായി ഇവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

