മാമ്മൂട് ∙ ചങ്ങനാശേരി – വാഴൂർ റോഡിൽ മാമ്മൂട് മുതൽ ദൈവംപടി വരെ അപകട പരമ്പര.
അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരും ആശുപത്രി കിടക്കയിലായവരും ഒട്ടേറെ . കഴിഞ്ഞ ദിവസം കൊച്ചുറോഡിനു സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചതും നാടിനെ നടുക്കി.
അശാസ്ത്രീയമായ റോഡും കൊടുംവളവും മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടത്തിന് ആക്കം കൂട്ടുന്നു. വാഹനങ്ങളുടെ അമിതവേഗവും ഓവർടേക്കിങ്ങും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടത്തിനു കാരണമാകുന്നു.
വളവുകൾ
∙ മാമ്മൂട് മുതൽ ദൈവംപടി വരെ 1.9 കിലോമീറ്റർ ദൂരം.
മാമ്മൂട്, കണിച്ചുകുളം, കൊച്ചുറോഡ്, ദൈവംപടി ഭാഗത്തെ വളവുകളിൽ അപകടം പതിവാണ്. മാമ്മൂടിനും കൊച്ചുറോഡിനും ഇടയിലുള്ള ഭാഗത്തെ വീതി കുറഞ്ഞ റോഡും വളവും അപകടക്കെണിയാണ്.
വളവിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോൾ കൂട്ടിയിടി പതിവാണ്. കണിച്ചുകുളത്തിനും ദൈവംപടിക്കും ഇടയിലുള്ള വളവും യാത്രക്കാരുടെ പേടി സ്വപ്നമാണ്. ഇവിടെ വളവുള്ള ഭാഗത്ത് റോഡിനോട് ചേർന്ന് വലിയ താഴ്ചയാണ് .
സുരക്ഷാ ബാരിക്കേഡില്ല. നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കും.
ഇംഗ്ലിഷ് അക്ഷരമാലയിലെ ‘എസ്’ പോലുള്ള വളവുകളാണ് പലയിടത്തുമുള്ളത്. ദൈവംപടി ജംക്ഷനിൽ പാലമറ്റം ഭാഗത്ത് നിന്നു വാഹനങ്ങൾ അശ്രദ്ധമായി വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
കെണികൾ
∙ മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളില്ല.
നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ തുരുമ്പെടുത്തു. ∙ അപകട
മേഖലകളിൽ റോഡിനു നടുവിലൂടെ മഞ്ഞ വരയില്ല. ഇത് കാരണം അശ്രദ്ധമായ ഓവർടേക്കിങ് നടക്കുന്നു.
∙ കൊടും വളവുള്ള ഭാഗങ്ങളിൽ റോഡിനു ആവശ്യമായ വീതിയില്ല. ∙ പലയിടത്തും വഴിവിളക്കില്ലാത്തത് അപകടം വർധിക്കാൻ കാരണമാകുന്നു.
∙ രാത്രി ബ്രൈറ്റ് മോഡിൽ ലൈറ്റ് തെളിയിച്ചാണ് പലരും വാഹനം ഓടിക്കുന്നത്. ഇത് എതിരെ വരുന്ന യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നു. ∙ റോഡ് കയ്യേറ്റവും വാഹന യാത്രക്കാരുടെ കാഴ്ചയെ മറയ്ക്കുന്നു.
റോഡ് കയ്യടക്കി ടിപ്പറും ബസും
∙സ്വകാര്യ ബസുകളുടെ അമിതവേഗതയെക്കുറിച്ചും പരാതി ഉയരുന്നു.
ബസുകളുടെ മത്സരയോട്ടവും വാഴൂർ റോഡിൽ പതിവാണ്. ടിപ്പർ – ടോറസ് ലോറികളും റോഡ് കയ്യടക്കിയിരിക്കുകയാണ്.
അമിതമായ ലോഡ് കയറ്റിയാണ് പായുന്നത്. റോഡിലേക്ക് കല്ലും മണ്ണും വീഴുന്നതും അപകടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മാമ്മൂട് ഭാഗത്ത് ലോറിയിൽ നിന്നു വീണ മണ്ണിൽ കയറി നിയന്ത്രണം വിട്ട
സ്കൂട്ടർ യാത്രക്കാരൻ വീണിരുന്നു.
അടിയന്തരമായി റോഡിലെ വളവുകൾ നിവർത്താനുള്ള നടപടികൾ ഉണ്ടാകണം. സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും വഴിവിളക്കുകളില്ലാത്തതും അപകടം വർധിക്കാൻ കാരണമാകുന്നു.’
ടോണി കുട്ടംപേരൂർ, പൊതുപ്രവർത്തകൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

