ദസറ ആഘോഷങ്ങളുടെ ഭാഗമായി വർണവിളക്കുകളിൽ തിളങ്ങുന്ന കണ്ണൂർ നഗരത്തിന്റെ മനോഹാരിത പകരുന്ന നൈറ്റ് റൈഡ് യാഥാർത്ഥ്യമാകുന്നു. നഗരസഭയുടെയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നഗരപ്രദക്ഷിണത്തിനായി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
പത്തു ദിവസമാണ് ഈ പ്രത്യേക സർവീസ് കണ്ണൂരിൽ ഉണ്ടാകുക. 100 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര 40 മിനിറ്റ് കൊണ്ട് നഗരം ചുറ്റി തിരികെ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. മേൽക്കൂരയില്ലാത്ത, മുകൾഭാഗം തുറന്ന ഡബിൾ ഡെക്കർ ബസിലെ സവാരി നഗരവാസികൾക്കും സന്ദർശകർക്കും തികച്ചും പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.
പഴയ ബസ് സ്റ്റാൻഡ്, എകെജി ആശുപത്രി, താണ, പ്ലാസ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് എന്നിങ്ങനെയാണ് ബസിന്റെ യാത്രാ റൂട്ട്. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണിവരെയാണ് നിലവിൽ സർവീസ് സമയം നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ യാത്രക്കാരുടെ തിരക്ക് വർധിക്കുകയാണെങ്കിൽ രാത്രി 12 മണിവരെ സർവീസ് നീട്ടുമെന്നും കെഎസ്ആർടിസി ഡിടിഒ പി.ഇ.രഞ്ജിത്ത് വ്യക്തമാക്കി. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ടൂറിസ്റ്റുകൾക്കായി നടപ്പിലാക്കുന്ന ‘നൈറ്റ് റൈഡേഴ്സ്’ മാതൃകയിലാണ് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് പിന്നാലെ ഇപ്പോൾ കണ്ണൂരിലും ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദസറ നൈറ്റ് റൈഡ് വൻ വിജയമാവുകയാണെങ്കിൽ ഡബിൾ ഡെക്കർ സർവീസ് കണ്ണൂരിൽ സ്ഥിരമാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ബസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയർ പി.ഇന്ദിര നിർവഹിച്ചു.
ചടങ്ങിൽ സ്ഥിരസമിതി അധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിഷാം താണ, ലിഷ ദീപക്, ശ്രീജ മഠത്തിൽ, സോന ജയറാം, വി.കെ.മുഹമ്മദലി തുടങ്ങിയവർ സന്നിഹിതരായിണ്ടായിരുന്നു. മറ്റൊരു വാർത്തയിൽ, വർണ ദീപങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികളുടെയും അകമ്പടിയോടെ പത്തു നാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറയുടെ ഔദ്യോഗിക തുടക്കമായി.
കണ്ണൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മേയർ പി.ഇന്ദിര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ ടി.ഒ.മോഹനൻ ദീപം തെളിച്ചു.
ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ കണ്ണൂരിലെ ജനങ്ങളെ ഒറ്റക്കെട്ടായി ഒരേ വേദിയിൽ ഒന്നിപ്പിക്കുന്നതാണ് കണ്ണൂർ ദസറയെന്ന് മേയർ അഭിപ്രായപ്പെട്ടു. തിന്മകൾക്കെതിരെ പ്രതികരിക്കുക എന്നത് ഓരോ പൗരന്റെയും ധർമമാണെന്നും അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, അതിനായുള്ള സന്ദേശം പരത്താൻ കണ്ണൂർ ദസറയ്ക്ക് സാധിക്കട്ടെയെന്ന് എംഎൽഎ ടി.ഒ.മോഹനൻ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ഡപ്യൂട്ടി മേയർ കെ.പി.താഹിർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ പി.പി.കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. റിനിത നിശാന്ത് അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, ഉമാശങ്കരം ടീമിന്റെ തിരുവാതിര, ഐഷാനി സനേഷ്, മഹേഷ് എന്നിവരുടെ ക്ലാസിക്കൽ ഡാൻസ്, നടനം നൃത്ത വിദ്യാലയത്തിന്റെ കൃഷ്ണ നൃത്തം, അഞ്ജലി ശരത്തിന്റെ ഭരതനാട്യം, ലാസ്യ നാലാഞ്ചിയുടെ കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.
തുടർന്ന് പ്രശസ്ത സിനിമ പിന്നണിഗായകൻ കെ.എസ്.ഹരിശങ്കർ നയിച്ച സംഗീത നിശയും മേളയ്ക്ക് മിഴിവേകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

