ശബരിമല ∙ മകരവിളക്കിന് ഇനിയും 7 ദിവസം മാത്രം ശേഷിക്കെ ദർശനം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം. പതിനെട്ടാംപടി കയറാനും ദർശനത്തിനും 12 മണിക്കൂറിൽ കൂടുതൽ നീണ്ട
കാത്തുനിൽപ്. ഈ വർഷം കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെയാണ്.
വൈകിട്ട് 7 വരെയുള്ള പൊലീസിന്റെ കണക്കനുസരിച്ച് 93,734 പേർ പമ്പയിൽനിന്നു സന്നിധാനത്തേക്ക് മലകയറി. അതിൽ 7,239 പേർ മാത്രമാണ് സ്പോട് ബുക്കിങ് വഴി എത്തിയത്.
തിരക്കു കാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു. തടഞ്ഞുനിർത്താൻ10 നടപ്പന്തലുകളാണ് ഇവിടെ ഉള്ളത്.
ഇവ നിറഞ്ഞതോടെ പമ്പാ മണപ്പുറത്തിന്റെ മറ്റുഭാഗങ്ങളിലേക്കും തീർഥാടകർ നിറഞ്ഞു.
തിരക്ക് ത്രിവേണി ചെറിയ പാലത്തിലേക്കും വ്യാപിച്ചു. വെയിലത്ത് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതോടെ നിരവധി പേർ തളർന്നുവീണു.
പമ്പാ മണപ്പുറത്ത് ക്യൂ നിൽക്കുന്നവർക്ക് കുടിവെള്ളം കൊടുക്കാൻ സംവിധാനമില്ല. രാവിലെ പത്തോടെ പമ്പാ മണപ്പുറത്തു മാത്രം തടഞ്ഞു നിർത്തിയവരുടെ എണ്ണം 14,000 കടന്നു. പമ്പ നിറഞ്ഞതോടെ നിലയ്ക്കൽനിന്നു പമ്പയിലേക്ക് പോകുന്ന ചെയിൻ സർവീസ് ബസുകൾ പരമാവധി താമസിപ്പിച്ചു വിടണമെന്ന് പൊലീസ് നിർദേശിച്ചു.
എന്നാൽ, ഇതുമൂലം തീർഥാടകരുടെ മടക്കയാത്രയ്ക്ക് ബസ് കുറയുമെന്നു കണ്ടതോടെ അതുമാറ്റി.
ഇന്നലെ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം വഴി അപ്പാച്ചിമേട് ഇറക്കംവരെ എത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ഒരു ലക്ഷത്തിനു മുകളിൽ തീർഥാടകർ ദർശനത്തിനെത്തുന്നത്.
ദിവസം 20 മണിക്കൂറാണ് ദർശനത്തിനുള്ളത്. പൂജകൾക്കും മറ്റുമായി ദിവസം 70 മിനിറ്റ് നട
അടഞ്ഞു കിടക്കും. ഈ സമയത്ത് ദർശനം നടക്കില്ല.
പൊലീസിന്റെ കണക്കനുസരിച്ച് പ്രതിദിനം 80,000 പേരിൽ കൂടുതൽ എത്തിയാൽ പതിനെട്ടാംപടി കയറ്റവും ദർശനവും ബുദ്ധിമുട്ടിലാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് ഒരേ മനസ്സോടെ പ്രവർത്തിച്ചതിനാലാണു വലിയ തിരക്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കാൻ കഴിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

