കറുകച്ചാൽ ∙ കെഎസ്ആർടിസി ഡീലക്സ് ബസ് മണിമലയ്ക്കു സമീപം കത്തിയതിന്റെ ഉത്തരവാദിത്തം താൽക്കാലിക (ബദലി) ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് ഒഴിയാൻ ഉന്നതനീക്കം. ബസിന്റെ പിന്നിലെ ഇടത്തെ വീൽ ജാം ആയതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പൊലീസ് ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
ബസിന്റെ ഇടതുവശത്തെ ടയറിന്റെ ഓട്ടമാറ്റിക് സ്ലാക് അഡ്ജസ്റ്റർ തകർന്ന് വീൽ ജാം ആയി തീപിടിച്ചു എന്നാണു കെഎസ്ആർടിസി കോട്ടയം വിജിലൻസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നത്. ബസിന്റെ ടയർ അഴിച്ചായിരുന്നു പരിശോധന.
ഹാൻഡ് ബ്രേക്ക് ഇട്ട് ഓടിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് മലപ്പുറം ഡിപ്പോ അധികൃതരുടെ കണ്ടെത്തൽ.
ഡ്രൈവറുടെ കുറ്റമാക്കി മാറ്റാനുള്ള ശ്രമമാണിതെന്നാണ് ജീവനക്കാരുടെ പ്രതികരണം. ഹാൻഡ്ബ്രേക്ക് പ്രവർത്തിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ രാത്രി ചാലക്കുടിയിൽനിന്ന് രണ്ടര മണിക്കൂർ കൊണ്ട് മണിമലയിൽ എത്താൻ കഴിയില്ലെന്നും ഇതിനുള്ള കാരണമായി പറയുന്നു.
ബസിന്റെ ഹാൻഡ് ബ്രേക്ക് സംവിധാനത്തിന് തകരാർ ഉണ്ടെന്ന് ഡ്രൈവർ 3 തവണ രേഖാമൂലം റിപ്പോർട്ട് ചെയ്തിരുന്നതാണ്.
കഴിഞ്ഞ 29ന് ബസിന്റെ മെക്കാനിക്കൽ പരിശോധനയും നടത്തിയിരുന്നു. ഇതോടെ ബസ് കത്തിയ കുറ്റം മെക്കാനിക്കൽ വിഭാഗത്തിന്റെ തലയിൽ വരാതിരിക്കാനാണ് അധികൃതരുടെ നീക്കമെന്നും ബസിലെ പോർട്ടബിൾ ഫയർ എക്സ്റ്റിംഗ്വിഷർ പകുതിയോളം കാലിയായിരുന്നു എന്നും ജീവനക്കാർ പറയുന്നുണ്ട്.ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓടിക്കുന്ന ബസ് മലപ്പുറത്തു നിന്ന് ഗവിക്കുള്ള യാത്രയിൽ 29നാണ് തീപിടിച്ചത്.
യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

