രൂക്ഷമായ വരൾച്ചയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലെ ഹരിഗി ഗ്രാമം സുപ്രധാന തീരുമാനവുമായി രംഗത്ത്. വിവാഹസൽക്കാരങ്ങളിലെ പ്രധാന ഇനമായ മാംസാഹാര സദ്യ അഥവാ ‘ബീഗര ഊട്ട’ നിർത്തലാക്കാനാണ് ഗ്രാമവാസികളുടെ കൂട്ടായ തീരുമാനം.
മഴ മാറി കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ശിക്കാരിപുരയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള കർഷകർ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമം കടുത്ത വരൾച്ചയുടെ പിടിയിലാണ്. 350-ൽ താഴെ മാത്രം കുടുംബങ്ങൾ വസിക്കുന്ന ഇവിടെ നെല്ലും ചോളവുമാണ് പ്രധാന കൃഷിയിനങ്ങൾ.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ ഘട്ടത്തിൽ, ലക്ഷങ്ങൾ ചെലവഴിച്ച് വിവാഹവിരുന്നുകൾ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് ജനങ്ങളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചേർന്ന് ‘ഗ്രാമ അഭിവൃദ്ധി സമിതി’ (ഗ്രാമവികസന സമിതി) യോഗത്തിലാണ് ഗ്രാമത്തിൽ ബീഗര ഊട്ട
നടത്താൻ പാടില്ലെന്ന കർശന തീരുമാനമെടുത്തത്. പുതിയ നിയമപ്രകാരം, സമിതിയുടെ തീരുമാനം ലംഘിച്ച് മാംസാഹാര സദ്യ ഒരുക്കിയാൽ 1 ലക്ഷം രൂപയും അത്തരം വിരുന്നുകളിൽ സംബന്ധിക്കുന്നവരിൽ നിന്ന് 50,000 രൂപയും പിഴ ഈടാക്കുമെന്ന് ഗ്രാമ വികസന സമിതി വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് വർഷം മുൻപ് വരെ ഗ്രാമത്തിൽ ഇത്തരം ആർഭാട വിരുന്നുകൾ പതിവില്ലായിരുന്നു.
എന്നാൽ, മറ്റ് പ്രദേശങ്ങളിൽ നിന്ന് പകർന്നെത്തിയ ഈ ശീലം വളരെ പെട്ടെന്ന് തന്നെ നാട്ടുകാർക്കിടയിൽ അഭിമാനപ്രശ്നമായി മാറുകയായിരുന്നു. വിവാഹ സൽക്കാരങ്ങൾക്കായി 10 ലക്ഷം രൂപ വരെ ധൂർത്തടിച്ചവരും, ആ ആർഭാടങ്ങൾക്ക് പിന്നാലെ കടുത്ത കടക്കെണിയിലായവരുമാണ് ഭൂരിഭാഗം കുടുംബങ്ങളും എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ആർഭാട വിവാഹങ്ങളുടെ ചിലവുകൾ കണ്ടെത്താനായി ചില കർഷകർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വരെ വിൽക്കാൻ നിർബന്ധിതരായി തീർന്നു.
അഞ്ച് വർഷം മുൻപ് ഗ്രാമ വികസന സമിതി സമാനമായ ആശയം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും അന്ന് നാട്ടുകാരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ, കൂടുതൽ കുടുംബങ്ങൾ വലിയ ബാധ്യതകളിലേക്ക് വീണതോടെയാണ് ഗ്രാമം ഒന്നടങ്കം ഈ മാതൃകാപരമായ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
ഹരിഗി ഗ്രാമത്തിന്റെ ഈ പുതിയ ചുവടുവെപ്പിന് പിന്തുണയുമായി അയൽനാടുകളിൽ നിന്നും നിരവധി പേരാണ് എത്തിച്ചേരുന്നത്. ഗ്രാമത്തിന്റെ ഈ വ്യത്യസ്തമായ ആശയത്തെ സമൂഹമാധ്യമങ്ങളും ഇപ്പോൾ വലിയ രീതിയിൽ പ്രശംസിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

