പത്തനാപുരം∙ പഞ്ചായത്തിൽ പൊതുശ്മശാനം സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് ഓഫിസിലേക്ക് ശവപ്പെട്ടിയുമായി പ്രതിഷേധം നടത്തി. ദിവസങ്ങൾക്ക് മുൻപ് ഇടത്തറയിൽ വാടകയ്ക്ക് താമസിച്ചു വന്ന ദമ്പതികളിൽ വയോധികൻ മരിച്ചതിനെ തുടർന്ന് സംസ്കരിക്കാൻ സ്ഥലമില്ലാതെ, മുൻ കോൺഗ്രസ് പഞ്ചായത്തംഗമായ എം.വി.മിനി, താൻ വീട് വയ്ക്കുന്നതിന് വാങ്ങിയ ഭൂമിയിൽ അടക്കാൻ അനുവാദം നൽകുകയായിരുന്നു.
ഈ സംഭവം ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ശവപ്പെട്ടിയുമായി സമരം നടത്തിയത്.
ടൗണിൽ നിന്നു ശവപ്പെട്ടി തോളിലേറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് വന്ന പഞ്ചായത്ത് അംഗങ്ങളെ പൊലീസ്, തടഞ്ഞ് അറസ്റ്റ് ചെയ്തു നീക്കി. 25 വർഷം മുൻപ് നീലിക്കോണത്ത് വാങ്ങിയ 1.28 ഏക്കർ ഭൂമിയിൽ ശ്മശാനവും മാലിന്യ സംസ്കരണ പ്ലാന്റും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ജനകീയ പ്രതിഷേധം മൂലം ഇത് വരെയും ഇത് നടന്നില്ല. ശവപ്പെട്ടി പ്രതിഷേധത്തിന് പഞ്ചായത്തംഗങ്ങളായ എം.സാജൂഖാൻ, ഫാറൂഖ് മുഹമ്മദ്, എം.എസ്.നിവാസ് എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലത്തിൽ പൊതുശ്മശാനം സ്ഥാപിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിൽ ആവശ്യപ്പെട്ടു.അതേ സമയം ശ്മശാനത്തിന്റെ കരാർ നടപടികൾ പൂർത്തിയായെന്നും ഉടൻ നിർമാണം തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

