കൊല്ലം ∙ താപനില അടുത്ത 3 ദിവസങ്ങളിൽ 39 ഡിഗ്രിയിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെ ജാഗ്രതയോടെ ജില്ല. ഈ വേനൽക്കാലത്തു ഇതുവരെ ജില്ലയിൽ 39 ഡിഗ്രി വരെ താപനില ഉയരുമെന്ന് പ്രവചിച്ചിട്ടില്ലായിരുന്നു.
എന്നാൽ കഴിഞ്ഞ 10ന് പുനലൂരിൽ 39.8 ഡിഗ്രി താപനില രേഖപ്പെടുത്തി. ഇതോടെ ചൂടേറിയതും അസ്വസ്ഥത നിറഞ്ഞതുമായ അന്തരീക്ഷ സ്ഥിതി തുടരാനാണ് സാധ്യത.
ജില്ലയിൽ താപനില ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശവുമായി ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് എല്ലാവരും ഒഴിവാക്കണം.
കെട്ടിട, റോഡ് നിർമാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ട്രാഫിക് പൊലീസ്, പോസ്റ്റുമാൻ, ലൈൻമാൻ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ–കൊമേഴ്സ് പാഴ്സൽ വിതരണക്കാർ, കലക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
മാറ്റമില്ലാതെ ഉച്ചസമയത്തെ ജോലി
വേനൽക്കാലത്തു തൊഴിലാളികളുടെ സമയക്രമം പുനഃക്രമീകരിച്ചെങ്കിലും തൊഴിൽസമയം മിക്കവർക്കും മാറ്റമില്ലാതെ തുടരുകയാണ്. മേയ് 20 വരെ ഉച്ചയ്ക്ക് 12 മുതൽ ഉച്ചയ്ക്കു 3 വരെ വിശ്രമവേളയാക്കിയാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഇപ്പോഴും മിക്കയിടത്തും ഈ സമയത്ത് തൊഴിലാളികൾ ജോലി തുടരുകയാണ്. പരമാവധി വെള്ളം കുടിച്ചും പറ്റുമ്പോഴെല്ലാം തണലിലേക്കു മാറിയുമാണ് ഇവർ ഇപ്പോൾ മുന്നോട്ടുപോകുന്നത്.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെല്ലാം സമീപത്തു തന്നെ കുടിവെള്ളം ഒരുക്കണം.
ഓൺലൈൻ ഭക്ഷണ വിതരണക്കാർ
ഉച്ചസമയത്തു വെയിലിൽ സഞ്ചരിക്കേണ്ടി വരുന്ന പ്രധാന വിഭാഗമാണ് ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ. പരമാവധി ശരീരം മുഴുവൻ മറച്ചും പരമാവധി വെള്ളം കുടിച്ചുമാണ് ഇവർ മുന്നോട്ടുപോകുന്നത്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദേശിച്ചിട്ടുണ്ട്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും അതുപോലെ, ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം.
വെയിലിൽ ഇറങ്ങുന്നവർ
പൊലീസ് ഉദ്യോഗസ്ഥരടക്കം വെയിലിൽ പുറത്തേക്കിറങ്ങുന്നവർ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം.
പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
യുവി വീണ്ടും ഗുരുതരം
സംസ്ഥാനത്ത് തന്നെ അൾട്രാ വയലറ്റ് സൂചിക ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നു ജില്ലയിലെ കൊട്ടാരക്കരയാണ്. അതീവ ജാഗ്രതയും ഗൗരവകരമായ മുൻകരുതലുകളും സ്വീകരിക്കേണ്ട
ഓറഞ്ച് അലർട്ട് പട്ടികയിലാണ് ജില്ല ഇടം പിടിച്ചിരിക്കുന്നത്. 8 ആണ് ജില്ലയിലെ യുവി ഇൻഡക്സ് സൂചിക.
ഇതിനെക്കാൾ ഉയർന്ന യുവി നില കേരളത്തിൽ മറ്റൊരിടത്തുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

