കൊട്ടാരക്കര ∙ മക്കളുടെ മുന്നിൽവച്ച് സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. കടയ്ക്കൽ റാഫി മൻസിലിൽ റംലാബീവി(40)യെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ചടയമംഗലം പോരേടം ചരുവിള പുത്തൻവീട്ടിൽ ഐ.നവാസിനെ(44)യാണ് കൊട്ടാരക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.ആർ.റീനാദാസ് ശിക്ഷിച്ചത്.
കേസിൽ പ്രതി ചേർത്തിരുന്ന ഭർത്താവ് ഷാജഹാനെയും മറ്റ് രണ്ടുപേരെയും കോടതി വിട്ടയച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണു മൂവരെയും വിട്ടയച്ചത്.
2019 ഫെബ്രുവരി 24ന് രാത്രി 9.15നാണ് കേസിന് ആസ്പദമായ സംഭവം.
ഭർത്താവ് ഷാജഹാനുമായി പിണങ്ങിക്കഴിയുകയായിരുന്നു റംലാബീവിയും മക്കളും. ഷാജഹാനെതിരെ കുടുംബ കോടതിയിലും കേസുണ്ടായിരുന്നു.
തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് ക്വട്ടേഷൻ നൽകിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായ നവാസ് വീട് തള്ളിത്തുറന്ന് അകത്ത് കയറി മക്കളായ ആറും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്ന റംലാബീവിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ആക്രമിക്കുകയായിരുന്നു.
കത്തികൊണ്ട് പല തവണ കുത്തിയ ശേഷം നവാസ് രക്ഷപ്പെട്ടു. കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ വ്യവസ്ഥ പ്രകാരം റംലാബീവിയും മക്കളും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.
വീട് ഒഴിയണമെന്നും വിവാഹബന്ധം വേർപെടുത്തണമെന്നും പല തവണ പറഞ്ഞിട്ടും ഒഴിയാതെ വന്നതോടെ റംലാബീവിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്നാണ് കടയ്ക്കൽ പൊലീസിന്റെ കുറ്റപത്രത്തിലുള്ളത്.
കേസിൽ 36 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.എസ്.സോനു ഹാജരായി.
ഗ്രേഡ് എഎസ്ഐ അഞ്ജു പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു. ഷാജഹാൻ ഉൾപ്പെടെ 3 പേരെ വിട്ടയച്ച ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കടയ്ക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇ.എം.സജീർ റജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. പ്രദീപ്കുമാർ തുടർ അന്വേഷണം നടത്തി.
സ്റ്റേഷൻ ഇൻസ്പെക്ടർ തൻസിം അബ്ദുൽസമദ് ആണ് കുറ്റപത്രം നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

