കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നു. ജില്ലയിൽ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി 1,698 ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജില്ലാ പഞ്ചായത്തിൽ 27, കോർപറേഷനിൽ 56, 4 നഗരസഭകളിൽ 135, 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 166, 68 ഗ്രാമപ്പഞ്ചായത്തുകളിൽ 1,314 എന്നിങ്ങനെയാണ് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികൾ.
ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ആദ്യ പ്രതിജ്ഞ കലക്ടർ എൻ.ദേവിദാസ് മുതിർന്ന അംഗത്തിന് ചൊല്ലിക്കൊടുത്തു. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അതതു വരണാധികാരികളാണ് മുതിർന്ന അംഗങ്ങൾക്ക് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
തുടർന്ന് മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. യോഗത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിഷന്റെ അറിയിപ്പ് അംഗങ്ങൾക്കു നൽകി.
ജില്ലാ പഞ്ചായത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ ഭരണസമിതിയിലെ മുതിർന്ന അംഗമായ കരവാളൂർ ഡിവിഷൻ പ്രതിനിധി ബി.സരോജാദേവിയാണ് മറ്റുള്ള അംഗങ്ങൾക്കു ചൊല്ലി നൽകിയത്.
തുടർന്ന് ഡിവിഷൻ അനുസരിച്ചാണ് മറ്റുള്ളവരുടെ സത്യപ്രതിജ്ഞ നടന്നത്. എന്നാൽ ശൂരനാട് ഡിവിഷൻ പ്രതിനിധി എ.റമീസ് പേര് വിളിച്ചപ്പോൾ എത്തിയിരുന്നില്ല.
തുടർന്ന് അവസാനമാണ് റമീസ് സത്യപ്രതിജ്ഞ ചൊല്ലിയത്. ചടങ്ങിന് ശേഷം ബി.സരോജാദേവിയുടെ അധ്യക്ഷതയിൽ ആദ്യ ജില്ലാ പഞ്ചായത്ത് യോഗം ചേർന്നു.
ക്യുഎസി മൈതാനത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ നടന്ന കോർപറേഷൻ സത്യപ്രതിജ്ഞാ ചടങ്ങിൽ വലിയ ജനക്കൂട്ടവും ആവേശവും ആരവവുമുണ്ടായിരുന്നു.
കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഭരണം ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫിസിൽ നിന്ന് റാലിയായാണ് യുഡിഎഫ് പ്രതിനിധികൾ വേദിയിലേക്കെത്തിയത്.
കൊല്ലം കോർപറേഷനിൽ തങ്കശ്ശേരി ഡിവിഷൻ പ്രതിനിധി കരുമാലിൽ ഉദയ സുകുമാരൻ മറ്റു അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷൻ അടിസ്ഥാനത്തിലാണ് പിന്നീട് ഓരോ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം കോർപറേഷൻ ഓഫിസിൽ ചേർന്നു.
കോർപറേഷൻ മേയർ, നഗരസഭ ചെയർപഴ്സൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡപ്യൂട്ടി മേയർ, വൈസ് ചെയർപഴ്സൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കും.
എഡിഎം ജി.നിർമൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.സുബോധ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ബി.ജയശ്രീ, സൂപ്രണ്ട് കെ.സുരേഷ് എന്നിവർ ഇരു പരിപാടികളിലും പങ്കെടുത്തു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.ഗോപൻ, മുൻ വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കെ.അനിരുദ്ധൻ, ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സിപിഐ ജില്ല അസി. സെക്രട്ടറി എം.എസ്.താര തുടങ്ങിയവർ ജില്ലാ പഞ്ചായത്തിലും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, ബിജെപി വെസ്റ്റ് പ്രസിഡന്റ് എസ്.പ്രശാന്ത്, കോർപറേഷൻ സെക്രട്ടറി എസ്.എസ്.സജി എന്നിവർ കോർപറേഷൻ പരിപാടിയിലും പങ്കെടുത്തു.
2 തവണ സത്യപ്രതിജ്ഞ
ശാസ്താംകോട്ട
∙ ശൂരനാട് തെക്ക് പഞ്ചായത്തിലെ ആറാം വാർഡംഗവും കേരള കോൺഗ്രസ് (എം) പ്രതിനിധിയുമായ ഇഞ്ചക്കാട് രാജൻ രണ്ട് തവണ സത്യപ്രതിജ്ഞ നടത്തി. ആദ്യം ചൊല്ലിയപ്പോൾ സ്വന്തം പേര് പറയാൻ വിട്ടു പോയിരുന്നു.
എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത ശേഷം വീണ്ടും അവസരം നൽകുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

