പ്രളയക്കെടുതി രൂക്ഷമായ നേപ്പാളിൽ രക്ഷാപ്രവർത്തനത്തിനായി വിദേശ സഹായം സ്വീകരിക്കാൻ ഔദ്യോഗിക തീരുമാനം. വിദേശ സഹായം തൽക്കാലം ആവശ്യമില്ലെന്ന മുൻ നിലപാടാണ് നേപ്പാൾ സർക്കാർ തിരുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾക്ക് രാജ്യത്ത് രക്ഷാപ്രവർത്തനത്തിനായി അനുമതി നൽകും. തുരങ്കങ്ങളിലെ സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾക്കും കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമാണ് വിദേശ സംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുക.
വിവിധ രാജ്യങ്ങളുടെ ശക്തമായ നയതന്ത്ര സമ്മർദ്ദത്തിനൊടുവിലാണ് നേപ്പാളിന്റെ ഈ സുപ്രധാന തീരുമാനം. ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ വിദഗ്ധ സംഘങ്ങൾക്കാണ് രക്ഷാപ്രവർത്തനത്തിനായി അനുമതി ലഭിച്ചിരിക്കുന്നത്.
റസുവ, നുവാകോട്ട് ജില്ലകളിലെ ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് വിദേശ സംഘങ്ങൾ പ്രധാനമായും എത്തുന്നത്. കൂടാതെ, മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി വിപുലമായ ഡിഎൻഎ (DNA), ഫോറൻസിക് പരിശോധനകൾക്കും വിദേശ വിദഗ്ധരുടെ സഹായം തേടുന്നുണ്ട്.
യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ടിബറ്റ് മേഖലയിൽ തടയണ തകർന്നതും കനത്ത മഴ പെയ്തതും. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
നിലവിൽ 320 ഇന്ത്യക്കാരെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കാണാതായ എട്ട് മലയാളികളുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ലെന്ന് നോർക്ക അറിയിച്ചു.
നാല് കേരളീയരും ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളും അടക്കം 8 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ മൂന്ന് പേർ എറണാകുളം, കൊല്ലം, കണ്ണൂർ സ്വദേശികളും ഒരാൾ യുഎസ് വിസയുള്ള കേരളത്തിൽ നിന്നുള്ള വ്യക്തിയുമാണ് എന്ന് നോർക്ക വ്യക്തമാക്കി.
ഇവരെ സംബന്ധിക്കുന്ന മറ്റ് നിർണായക വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നോർക്ക അന്വേഷിച്ച 82 പേരിൽ 60 കേരളീയരെ ഇതിനോടകം സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്.
14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 19 മലയാളികൾ അടക്കം കേരളത്തിൽ നിന്നുള്ള 23 അംഗ കൈലാസ് മാനസരോവർ സംഘം ഇന്ന് കാഠ്മണ്ഡുവിൽ എത്തിച്ചേരും.
നാളെ പ്രത്യേക വിമാന മാർഗ്ഗം ഇവർ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. സുരക്ഷിതരാണെന്ന് വിവരം ലഭിച്ച ചില കേരളീയർ നേപ്പാളിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡാർജ്ലിംഗിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇന്നലെവരെ നോർക്കയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

