അരൂർ-തുറവൂർ ദേശീയപാത ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾക്ക് മുകളിൽ സ്ലാബ് കാസ്റ്റിങ് ജോലികൾ പുരോഗമിക്കുന്നു. ശ്രീനാരായണ നഗറിന് സമീപമുള്ള 24, 25, 26 എന്നീ പില്ലറുകൾക്ക് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിലാണ് പ്രവൃത്തികൾ നടക്കുന്നത്.
ഇന്നലെ ദേശീയപാതയിൽ പടിഞ്ഞാറുഭാഗത്തെ പാതയിൽ ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റിങ് പൂർത്തിയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ കൊച്ചിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള പാതയുടെ കോൺക്രീറ്റിങ് ആരംഭിച്ചു.
കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ടോടെ സ്ലാബ് കാസ്റ്റിങ് ജോലികൾ പൂർണമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. നിർമാണ ജോലികളുടെ ഭാഗമായി ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റവരിയായിട്ടാണ് കടത്തിവിടുന്നത്. നിയന്ത്രണങ്ങളെ തുടർന്ന് ചന്തിരൂർ മുതൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ ഏറെ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.
ഗതാഗതം സുഗമമാക്കുന്നതിനായി അരൂർ പൊലീസും നിർമാണ കമ്പനിയുടെ ജീവനക്കാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. പില്ലർ നമ്പർ 24 മുതൽ 26 വരെയുള്ള 70 മീറ്റർ ദൂരത്തിലാണ് ഇന്നലെ മുതൽ സ്ലാബ് കാസ്റ്റിങ് ആരംഭിച്ചത്.
മൂന്ന് തൂണുകൾ തമ്മിൽ ബന്ധിപ്പിച്ച് സ്ഥാപിച്ച 14 കോൺക്രീറ്റ് ഗർഡറുകൾക്ക് മുകളിലാണ് നിലവിൽ കോൺക്രീറ്റ് ചെയ്യുന്നത്. ഈ 70 മീറ്റർ ഭാഗത്തെ പ്രവൃത്തികൾ ഇന്ന് പൂർത്തിയാകുന്നതോടെ, ഉയരപ്പാതയുടെ ഇരുവശങ്ങളിലുമായുള്ള 25 കിലോമീറ്റർ പാതയുടെ കോൺക്രീറ്റിങ് ജോലികൾ പൂർണമാകും.
മുൻപ് ഈ തൂണുകൾക്ക് മുകളിലൂടെ കെഎസ്ഇബിയുടെ 110 കെവി പ്രസരണ ലൈൻ കടന്നുപോയിരുന്നത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു. പിന്നീട് പുതിയ ടവറുകൾ സ്ഥാപിച്ച് ലൈൻ ഉയർന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ച ശേഷമാണ് ഈ ഭാഗത്തെ നിർമാണ ജോലികൾ പുനരാരംഭിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

