തൊടുപുഴ ∙ നിർമാണ നിരോധനമുള്ള സ്ഥലത്ത് നിയമം ലംഘിച്ചു പണിത ഗ്ലാസ് ബ്രിജ് നിർമാണം പൂർത്തിയാക്കിയത് ഭരണകക്ഷിയുടെയും ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയെന്ന് ആക്ഷേപം. റവന്യു, തദ്ദേശം, പൊലീസ് വകുപ്പുകൾക്ക് അനധികൃത നിർമാണത്തിൽ ഒന്നും ചെയ്യാനായില്ല.
ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ നടപടിയുണ്ടാകാതിരിക്കാൻ സംരക്ഷണം നൽകിയെന്നാണ് കോൺഗ്രസ് ആരോപണം.
ആനച്ചാൽ–ഇരുട്ടുകാനം പ്രധാന റോഡിൽനിന്ന് കാണാവുന്ന ഗ്ലാസ് ബ്രിജിന്റെ നിർമാണം ശ്രദ്ധയിൽപെട്ടില്ലെന്ന പതിവ് വാദം നിലനിൽക്കില്ലെന്നും നാട്ടുകാർ പറയുന്നു. ആനച്ചാൽ ടൗണിന് മുകളിൽ കാനച്ചേരി ഡൊമിനിക് വക വസ്തുവിൽ പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന പാറപ്പുറത്ത് റെഡ് സോണിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. അതീവ ദുരന്ത ബാധിത പ്രദേശത്ത് പാറ തുരന്ന് നിർമാണം നടത്തിയിട്ടും നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല.
വൻ തുക മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയതെന്നാണ് വിവരം.
ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 25ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തഹസിൽദാർ ദേവികുളം, പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകിയിരുന്നു. അന്നു മുതൽ നടപടി തുടങ്ങിയെങ്കിലും ഇതെല്ലാം മറികടന്നു നിർമാണം പൂർത്തിയാക്കുകയായിരുന്നു.
ഫലം കാണാത്ത നടപടികൾ
∙ ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം സ്ഥലപരിശോധന നടത്തിയതിൽ നിയമാനുസൃത അനുമതിയില്ലാതെ കുന്നിൻ മുകളിലായി കോൺക്രീറ്റ് തറ നിർമിച്ച് 20 അടി ഉയരത്തിൽ ഇരുമ്പു പൈപ്പ് കൊണ്ട് തൂണുകൾ നിർമിച്ചെന്ന് കണ്ടെത്തി.
തുടർന്ന് മാർച്ച് ഒന്നിനു പഞ്ചായത്തിൽനിന്നു നിർമാണ നിരോധന ഉത്തരവ് നൽകി.
∙ നിർമാണത്തിന് പഞ്ചായത്തിൽനിന്ന് അനുമതിയോ ലൈസൻസോ അനുവദിച്ചിട്ടില്ലാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കാൻ നടപടി സ്വീകരിക്കാൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലേക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. തുടർ നടപടിയുണ്ടായില്ല.
∙ റവന്യു വകുപ്പിന്റെ മുൻകൂട്ടിയുള്ള നിരാക്ഷേപ പത്രം കൂടാതെ മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിൽ നിർമാണ പ്രവർത്തനം നടത്തുന്നത് കേരള ഹൈക്കോടതി 2010 ജനുവരി 21നുള്ള വിധിയുടെ ലംഘനമാണ്.
അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതിനും അപകടകരമായ രീതിയിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിർമാണ പ്രവർത്തനം നടത്തിയതിനും, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരി 27നു നോട്ടിസ് നൽകി. എന്നാൽ തുടർന്നും നിർമാണ പ്രവൃത്തി നടത്തിയതായി കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തു.
∙ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അനുമതി നിർമാണത്തിന് ലഭിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തനവും നിയമ വിരുദ്ധം.
നടപടിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

