ചാത്തന്നൂർ ∙ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ മാർഗമില്ലാതാകും എന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത നിർമാണം തടഞ്ഞു. ഇത്തിക്കര വയലിൽ, മൂഴിയിൽ, അമ്പലത്തറ, മൈലക്കാട് മേഖലയിൽ നാനൂറോളം കുടുംബങ്ങളാണ് ഉള്ളത്.
ഇവരുടെ പുറത്തേക്കുള്ള വഴി ദേശീയപാത വികസനത്തെ തുടർന്നു കെട്ടി അടയ്ക്കുമെന്ന ആശങ്കയെ തുടർന്ന് നേരത്തെ ഇവിടെ ദീർഘകാല പ്രക്ഷോഭം നടന്നിരുന്നു. ഇതേ തുടർന്ന് വയലിൽ ഭാഗത്തു നിന്നുള്ള റോഡിന് സമാന്തരമായി ദേശീയപാതയുടെ മറു വശത്ത്് പള്ളിയുടെ ഭാഗത്ത് പ്രവേശിക്കുന്ന തരത്തിൽ ഭൂഗർഭ അടിപ്പാതയ്ക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകി നിർമാണവും ആരംഭിച്ചു.
എന്നാൽ വയലിൽ ഭാഗത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ അശാസ്ത്രീയമായാണ് ഭൂഗർഭ അടിപ്പാത നിർമിക്കുന്നതെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത് .
നിലവിലെ അവസ്ഥയിൽ 100 മീറ്റർ അകലെ മൈലക്കാട് എത്തണമെങ്കിൽ അടിപ്പാതയിലൂടെ മറുവശത്ത് എത്തി 2 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ചാത്തന്നൂർ തിരുമക്കിൽ എത്തി തിരികെ വീണ്ടും 2 കിലോമീറ്റർ സഞ്ചരിക്കണം. വയലിൽ ഭാഗത്തു നിന്നുള്ള പാത കൊട്ടിയം ഭാഗത്തേക്കുള്ള സർവീസ് റോഡുമായി ബന്ധിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഇതു സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നപ്പോൾ കലക്ടർ നിർദേശിച്ചതനുസരിച്ച് ദേശീയപാത, പൊതുമരാമത്ത് വകുപ്പ്, ജനകീയ സമിതി സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു കൊട്ടിയം ഭാഗത്തേക്കുള്ള സർവീസ് റോഡ് ചരിവോടെ താഴ്ത്തി നിർമിക്കുക, ഇവിടെ ഉള്ള ട്രാൻസ്ഫോമറും വൈദ്യുതത്തൂണുകളും മാറ്റി സ്ഥാപിക്കുക, ഓടകൾ പൊളിച്ചു പുനർനിർമിച്ചു യാത്രാ സൗകര്യം ഒരുക്കുക തുടങ്ങിയവയായിരുന്നു സംയുക്ത സമിതി നൽകിയ ശുപാർശ.
എന്നാൽ നിർമാണക്കമ്പനിയും ദേശീയപാത അതോറിറ്റിയും ഇക്കാര്യം കണക്കിലെടുക്കാതെയാണ് നിർമാണം നടത്തുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ കക്ഷികൾ കൊടികുത്തി നിർമാണം തടഞ്ഞിരുന്നു.
ഇന്നലെ നിർമാണം ആരംഭിക്കാൻ കരാർ കമ്പനിയുടെ തൊഴിലാളികൾ എത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെത്തി ഇവരെ തടഞ്ഞു മടക്കി അയച്ചു. ഓയൂർ, ആയൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇടുങ്ങിയ ഭൂഗർഭ അടിപ്പാതയിലൂടെ കൊട്ടിയം ജംക്ഷനിലേക്കു പ്രവേശിക്കാൻ കഴിയില്ല.
കലക്ടർക്കു നിവേദനം നൽകി ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്
അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി ഇത്തിക്കരയിൽ നിർമാണം നടത്തുകയാണെന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്ക് എഡ്വേർഡ് ആരോപിച്ചു.
പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് തീരുമാനമായിട്ടുള്ളതാണ്. എന്നാൽ ഇത് മറികടന്ന് 400 കുടുംബങ്ങളുടെ വഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള നിർമാണം നടത്താനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നത്.
സമര സ്ഥലത്ത് എത്തിയ ജിനോക്ക് എഡ്വോർഡ്, പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കലക്ടർക്കു നിവേദനം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

