അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് നേരിട്ടെത്തി പരിശോധിച്ചു. 361.17 കോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതിയുടെ 53 ശതമാനത്തോളം ജോലികൾ ഇതിനോടകം പൂർത്തിയായതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി നിർമിച്ച മൾട്ടി ലവൽ കാർ പാർക്കിങ്, സർവീസ് ബിൽഡിങ്, പാഴ്സൽ ബിൽഡിങ്, എസ്എസ്ഇ. വർക്സ് ബിൽഡിങ്, ഗാങ് റെസ്റ്റ് റൂം എന്നിവ ജനറൽ മാനേജർ സന്ദർശിച്ചു.
കൊല്ലം–തിരുപ്പതി ട്രെയിനിനോടൊപ്പം പ്രത്യേക കോച്ചിലാണ് അദ്ദേഹം എത്തിയത്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ (കൺസ്ട്രക്ഷൻ) സുശീൽ കുമാർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ, ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ, ഡിവിഷനൽ എൻജിനീയർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിർമാണ പുരോഗതിയുടെ അവലോകനം
മൂന്ന് ഘട്ടങ്ങളായാണ് പുതിയ ടെർമിനൽ കെട്ടിട സമുച്ചയം ഒരുക്കുന്നത്.
ഇതിൽ ഒന്നാം ഘട്ടത്തിന്റെ ഘടനാപരമായ ജോലികൾ പൂർത്തിയായി മിനുക്കുപണികൾ നടക്കുന്നു. രണ്ടും മൂന്നും ഘട്ടങ്ങളിൽ യഥാക്രമം 25 ശതമാനവും 12 ശതമാനവും നിർമാണം പൂർത്തിയായിട്ടുണ്ട്.
മൊത്തം 472 പൈൽ ഫൗണ്ടേഷനുകളിൽ 388 എണ്ണം പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്ലാറ്റ്ഫോം നവീകരണം, 450 കെഎൽഡി മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി), 1600 കെവിഎ വൈദ്യുത സബ്സ്റ്റേഷൻ, ഭൂഗർഭ ജലസംഭരണി, ഡ്രെയ്നേജ്, ആന്തരിക റോഡുകൾ, ചുറ്റുമതിൽ തുടങ്ങിയവയുടെ നിർമാണവും നടന്നു വരികയാണ്.
നടപ്പാലം നിലനിർത്താൻ നിർദേശം
നിലവിലുള്ള നടപ്പാലം പൊളിച്ചുമാറ്റാതെ കെട്ടിട സമുച്ചയവുമായി ബന്ധിപ്പിക്കണമെന്ന നിർദേശം ജനറൽ മാനേജർ നൽകിയതായാണ് വിവരം.
എസ്കലേറ്ററുകളും ലിഫ്റ്റുകളുമായി ബന്ധിപ്പിച്ച് ഈ പാലം നിലനിർത്താനാണ് തീരുമാനം. ഇതുകൂടാതെ, 126 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലും ആകാശ ഇടനാഴി (എയർ കോൺകോഴ്സ്) നിർമിക്കാനും പദ്ധതിയുണ്ട്.
ഇതിൽ വാണിജ്യ സ്റ്റാളുകൾ, ഭക്ഷണശാലകൾ, എടിഎം കൗണ്ടറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും. ആകാശ ഇടനാഴിയുടെ ബീമുകൾ സ്ഥാപിക്കുന്നതിന് ട്രെയിൻ സർവീസുകൾ ക്രമീകരിച്ചുകൊണ്ടുള്ള ട്രാഫിക് ബ്ലോക്ക് അനിവാര്യമാണ്.
ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് നിർമാണ വിഭാഗം. ഇതിനുവേണ്ട
ഉപകരണങ്ങൾ ബെംഗളൂരുവിൽ നിന്ന് എത്തിച്ചിട്ട് 10 ദിവസമായെങ്കിലും, അനുമതി ലഭിക്കാത്തതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ജനറൽ മാനേജരുടെ സന്ദർശനത്തോടെ ഇതിന് അടിയന്തര പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

