തൃശൂർ ജില്ലയിലെ ഗുരുവായൂർ കർണ്ണംകോട് റെയിൽവേ ഗേറ്റിന് സമീപത്തായി വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി സ്വദേശിയായ സുരേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പോലീസ് കൺട്രോൾ റൂമിലേക്ക് അനിൽ എന്ന വ്യക്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
താൻ ഗുരുവായൂരിലും പരിസരത്തുമായി ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയാണെന്നും, തന്റെ പരിചയക്കാരനായ സുരേഷ് മദ്യലഹരിയിൽ തന്നോട് ഒരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയെന്നും അനിൽ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഗുരുവായൂർ ടെമ്പിൾ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
റെയിൽവേ ഗേറ്റിന് സമീപമുള്ള വാടക കെട്ടിടത്തിന്റെ മുറിയിൽ മദ്യലഹരിയിൽ കഴിഞ്ഞിരുന്ന സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ, വസ്ത്രത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ സുരേഷ് മുൻപ് കുറുപ്പംപടിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
ചില വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിൽ നിന്നും മാറി ഗുരുവായൂരിലെത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രതി വയോധികയെ പരിചയപ്പെടുന്നത്.
തുടർന്ന് താനും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അഭയം നൽകാമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ ഒമ്പതാം തീയതി ഇയാൾ വയോധികയെ തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പുറത്തുപോയി മദ്യപിച്ചെത്തിയ പ്രതി വയോധികയെ ശാരീരികമായി ഉപദ്രവിച്ചു.
മർദ്ദനത്തിനിടെ ബോധരഹിതയായ വയോധിക മരിച്ചെന്ന് കരുതി, തെളിവ് നശിപ്പിക്കാനായി മൃതദേഹം കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയും പിന്നീട് സുഹൃത്തിനോട് കൊലപാതക വിവരം പറയുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

