തിരിച്ചറിയൽ പ്രധാനം
ഇന്നലെ തൃശൂർ ജില്ലയിലെ മറ്റത്തൂരിലുണ്ടായ ദാരുണസംഭവത്തിൽ 2 കുട്ടികളെയും ‘ഗ്യാസ്ട്രൈറ്റിസ്’ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഡോക്ടർമാരുടെ പരിശോധനയിൽ ഇതു പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞു.
ഒരു കുട്ടി മരിക്കുകയും മറ്റൊരാൾ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയും ചെയ്യുന്നു.
പിന്നീടു വീട്ടിൽ നിന്നാണു വെള്ളിക്കെട്ടൻ (ക്രെയ്റ്റ്) ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്.
ഇത്തരം സംഭവങ്ങളിൽ പാമ്പുകടിച്ചു എന്നത് എത്രയും വേഗം തിരിച്ചറിയേണ്ടത് നിർണായകമാണ്. ഇന്ത്യയിൽ അപകടകാരികളായ 4 പ്രധാന പാമ്പുകളുടെ വിഷത്തിനെതിരെ പ്രതിവിഷം ലഭ്യമാണ്: മൂർഖൻ (കോബ്ര), ശംഖുവരയൻ/വെള്ളിക്കെട്ടൻ , ചേനത്തണ്ടൻ (റസൽസ് വൈപർ), അണലി (സോ സ്കേൽഡ് വൈപർ) എന്നിവയാണ് ഈ പാമ്പുകൾ.
ഇതിൽ വെള്ളിക്കെട്ടന്റെ കടി പലപ്പോഴും ‘ഓക്കൾട്ട് ബൈറ്റ്’ എന്ന സ്വഭാവത്തിലുള്ളതായതിനാൻ തിരിച്ചറിയാൻ പ്രയാസമാണ്.
ഇവ കടിച്ചാൽ കടിയേറ്റ സ്ഥലത്ത് വലിയ ലക്ഷണങ്ങൾ ഉണ്ടാകില്ല. അതിനാൽ പലപ്പോഴും കടിയേറ്റത് അറിയുകയുമില്ല.
വിഷമേറ്റാൽ ചില സമയം വയറുവേദന, ഛർദി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുക. സ്വാഭാവികമായും ഇത് വായുസംബന്ധ രോഗമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
പാമ്പുകടിക്കുള്ള ചികിത്സ ഇന്നു സർക്കാർ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.
തിരിച്ചറിഞ്ഞാൽ പ്രതിവിഷം സമയത്ത് നൽകി ജീവൻ രക്ഷിക്കാൻ സാധിക്കും. പാമ്പുകടിയേറ്റെന്ന് സംശയമുണ്ടെങ്കിൽ കുറഞ്ഞത് 24 മണിക്കൂർ ആശുപത്രി നിരീക്ഷണം നിർബന്ധമാണ്.
ഡോ.എസ്.എൽ.അഖിൽ (തൃശൂർ ഗവ.
മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ )
പാമ്പിൻകുഞ്ഞിന്റെ വിഷം വീര്യമുള്ളത്
മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ മുതലായ വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾ ജനിക്കുന്ന കാലയളവാണിത്. സുരക്ഷിതമായ ഒളിയിടങ്ങൾ തേടി കൂടുതലായി സഞ്ചരിക്കുന്നത്, അവ വീടിന് പരിസരത്തും വീടിനുള്ളിലും എത്തിപ്പെടാനുള്ള സാധ്യതയേറ്റുന്നു.
കടുത്ത വേനൽ കാരണം വലിയ പാമ്പുകളും മാളങ്ങളിൽ നിന്ന് കൂടുതലായി ഇക്കാലത്തു പുറത്തിറങ്ങും. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു.
തണുപ്പും തണലുമുള്ള സ്ഥലങ്ങളിലേക്ക് പാമ്പുകൾ ആകർഷിക്കപ്പെടാൻ സാധ്യതയേറെയാണ്. ചെറിയ പാമ്പുകൾക്ക് വിഷം കുറവാണെന്നത് തെറ്റിദ്ധാരണയാണ്.
അളവ് കുറവാണെങ്കിലും ഇവയുടെ വിഷത്തിനു മുതിർന്നവയെക്കാൾ വീര്യം വളരെ കൂടുതലായിരിക്കും.
ചെയ്യേണ്ടവ
∙വീട്ടുപരിസരത്തെ കുറ്റിക്കാടുകളും കളകളും നീക്കം ചെയ്യുക
∙മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കിൽ സുരക്ഷിതമായി മൂടുക
∙എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക. ∙ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വിതറിയിടാതിരിക്കുക.
∙വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ മുറ്റത്ത് വന്നുപെടുന്ന പാമ്പിൻകുഞ്ഞിനെ അവ വീടിനുള്ളിൽ എത്തിക്കാൻ സാധ്യതയുണ്ട്. ∙വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാൽ ദൂരെനിന്ന് നിരീക്ഷിക്കുകയും ഉടൻ അടുത്ത ‘സർപ്പ’ വൊളന്റിയറെയോ വനംവകുപ്പിനെയോ വിവരം അറിയിക്കുകയും ചെയ്യുക.
24 മണിക്കൂർ പ്രവർത്തിക്കുന്ന 1800 425 4733 എന്ന ടോൾഫ്രീ നമ്പർ വവകുപ്പിനുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലുമായി 3600 സർപ്പ വൊളന്റിയർമാരുണ്ട്.
അടിയന്തര സഹായത്തിനായി 28 റാപ്പിഡ് റെസ്പോൺസ് ടീമുകളുമുണ്ട്.
ഹമ്മദ് അൻവർ
(ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്ററും സർപ്പ സ്റ്റേറ്റ് നോഡൽ ഓഫിസറുമാണ് ലേഖകൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

