പുന്നപ്ര ∙ ബന്ധുവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പറവൂർ നയ്പ്പള്ളി വീട്ടിൽ പി.എസ്.സ്വാതിയാണ് (22) മരിച്ചത്.
പഴയ നടക്കാവ് റോഡിൽ അറവുകാട് കണ്ണമ്പള്ളി ജംക്ഷനു സമീപം ഇന്നലെ പുലർച്ചെ 1.30ന് ആയിരുന്നു അപകടം. സ്വാതിയുടെ അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് ഇന്നലെ പുലർച്ചെ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ അമ്മയുടെ സഹോദരനൊപ്പം സ്വാതിയും പോയത്.
ഓട്ടോ ടാക്സിയുടെ ഇടത്തേ സീറ്റിലാണു സ്വാതി ഇരുന്നത്.വാഹനത്തിന്റെ ഈ ഭാഗമാണു വൈദ്യുത തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ നിലം പൊത്തി.
വാഹനത്തിലുണ്ടായിരുന്ന മറ്റാർക്കു പരുക്കില്ല.
രക്തം വാർന്നു കിടന്ന സ്വാതിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഗിത്താറിസ്റ്റ് സോണിമോന്റെയും മിനിമോളുടെയും മകളായ സ്വാതി അമ്പലപ്പുഴ ഗവ.
കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ആലപ്പുഴ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി അനുജ ( നഴ്സിങ് വിദ്യാർഥിനി).
സംസ്കാരം നടത്തി. പുന്നപ്ര പൊലീസ് കേസെടുത്തു.
വീടെന്ന സ്വപ്നം ബാക്കിയാക്കി സ്വാതി യാത്രയായി
പുന്നപ്ര ∙ സ്വന്തമായി വീടുനിർമിച്ച് എല്ലാവരും ചേർന്ന് ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണു പുന്നപ്ര പറവൂർ നയ്പ്പള്ളി വീട്ടിൽ പി.എസ്.സ്വാതിമോളുടെ(22) മടക്കം.
അമ്പലപ്പുഴ ഗവ.കോളജിൽ ഡിഗ്രി പഠനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാടിനു സമീപത്തെ ടെക്സ്റ്റയിൽസിൽ ബില്ലിങ് സെക്ഷനിലാണ് സ്വാതി ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ പ്രധാന വരുമാന മാർഗവും സ്വാതിയുടെ ജോലി ആയിരുന്നു.
സോണിമോന്റെയും മിനിമോളുടെയും മൂത്ത മകളാണ്. പിതാവിൽ നിന്ന് ഗിത്താർ പഠിച്ചശേഷം പറവൂർ പബ്ലിക് ലൈബ്രറിയിൽ സ്വാതി കുട്ടികളെ ഗിത്താർ പഠിപ്പിച്ചിരുന്നു.
നാടൻപാട്ടു കലാകാരനും കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറിന്റെ സഹോദരനാണ് സോണിമോൻ.
നാഷനൽ സർവീസ് സ്കീമിന്റെ കോളജിലെ സജീവ പ്രവർത്തകയായ സ്വാതി സംസ്ഥാന ക്യാപുകളിൽ ഒന്നിലധികം തവണ പങ്കെടുത്തിട്ടുണ്ട്.
പഴയ നടക്കാവ് റോഡിൽ അറവുകാട് കണ്ണമ്പള്ളി ജംക്ഷനു സമീപം നിയന്ത്രണംവിട്ട ഓട്ടോ ടാക്സി റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് ഇന്നലെ പുലർച്ചെ 1.30നു ആയിരുന്നു അപകടം.
അപകടത്തിൽ തലയ്ക്കു ഗുരുതരപരുക്കേറ്റ സ്വാതിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അപകടത്തിനുശേഷം പ്രദേശത്ത് വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. രക്തസമ്മർദം ഉണ്ടായ ബന്ധു ദീപികയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടോ ടാക്സിയിൽ കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിലേക്കുപോയ മകളെ യാത്രയാക്കിയ മാതാപിതാക്കളുടെ മുന്നിലേക്ക് പ്രീയപ്പെട്ട മകളുടെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചപ്പോൾ അവരുടെ അലമുറയിട്ട
കരച്ചിലിനു ഒപ്പം നാടും തേങ്ങി.
ഒന്നര വർഷത്തിനിടെ മൂന്നുപേരുടെ ജീവനെടുത്ത അപകടവളവ്
പുന്നപ്ര ∙ പഴയ നടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജംക്ഷനിലെ റോഡിലെ വളവു അപകടത്തിനു കാരണം. ഒന്നര വർഷത്തിനിടെ ഇതേസ്ഥലത്ത് വിവിധ അപകടങ്ങളിലായി ഇതോടെ മൂന്നുപേർ മരിച്ചു.
ഓരോ അപകടം കഴിയുമ്പോഴും റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രദേശവാസികൾ പ്രതിഷേധം അറിയിക്കുക പതിവാണ്. എന്നാൽ ഇവിടെ അപകടസാധ്യത ബോർഡു പോലും സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ല.
ദേശീയപാതയുടെ സമാന്തരപാത കൂടി ആയതിനാൽ വാഹനങ്ങൾ അധികവും പഴയ നടക്കാവ് റോഡുവഴിയാണ് കടന്നുപോകുന്നത്. വൈകാതെ അപകട
മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനെങ്കിലും അധികാരികൾ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

