ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യ എ ടീമിൽ ബിസിസിഐ സുപ്രധാന മാറ്റങ്ങൾ വരുത്തി. പരിക്കിനെത്തുടർന്ന് പുറത്തായ റിയാൻ പരാഗിന് പകരം ചെന്നൈ സൂപ്പർ കിങ്സ് നായകൻ രുതുരാജ് ഗെയ്ക്വാദിനെ ടീമിലേക്ക് ഉൾപ്പെടുത്തി.
ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവി കൂടി ഗെയ്ക്വാദ് വഹിക്കും. തിലക് വർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ എന്നീ ടീമുകളാണ് പരമ്പരയിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 9-ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ 21 വരെ നീണ്ടുനിൽക്കും.
ഐപിഎൽ 2026-ന് തൊട്ടുപിന്നാലെയാണ് ഈ പരമ്പര നടക്കുന്നത്. രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടയിലാണ് റിയാൻ പരാഗിന് ഹാംസ്ട്രിങ് പരിക്ക് സംഭവിച്ചത്.
ലീഗ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ നഷ്ടമായ താരം, വേദന അവഗണിച്ചാണ് പ്ലേഓഫ് മത്സരങ്ങളിൽ പങ്കെടുത്തത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ പുറത്തായതോടെ താരം നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ്.
പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം അംഗങ്ങൾ: തിലക് വർമ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), വിപ്രാജ് നിഗം, യഷ് താക്കൂർ, യുദ്ധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ, അനുകുൽ റോയ്. ഐപിഎല്ലിലെ മോശം ഫോമിന് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഗെയ്ക്വാദിന് ഈ പരമ്പര നിർണ്ണായകമാണ്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 123.44 സ്ട്രൈക്ക് റേറ്റിൽ 337 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് കാണാതെ പുറത്തായതോടെ താരത്തിന്റെ പ്രകടനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ശ്രീലങ്കൻ പര്യടനം ഗെയ്ക്വാദിന്റെ കരിയറിൽ വഴിത്തിരിവാകുമെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

