കൊല്ലം ∙വോട്ടർ പട്ടികയിൽ പേരില്ലാതെ വോട്ട് ചെയ്യാൻ സാധിക്കാതെ ഒട്ടേറെ പേർ. പലരും ജോലി ചെയ്യുന്ന ഇടങ്ങളിൽ നിന്ന് വോട്ട് ചെയ്യാനായി നാട്ടിലെത്തി പോളിങ് ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നഷ്ടപ്പെട്ട
വിവരം അറിയുന്നത്. നിരാശരായി മടങ്ങാൻ മാത്രമായിരുന്നു ഇവർക്ക് സാധിച്ചത്.
പലർക്കും എന്താണ് സംഭവിച്ചതെന്നും ഇനി എന്ത് ചെയ്യണമെന്നും അറിയില്ല. തങ്ങളോട് ചോദിക്കാതെ തങ്ങളുടെ വോട്ട് എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.
കൊല്ലം കോർപറേഷനിലെ ചില വാർഡുകളിൽ അടുത്തടുത്ത വീടുകളിലെ വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ആലാട്ടുകാവ് ഡിവിഷനിൽ രാമൻകുളങ്ങര പ്രദേശത്തെ പലരുടെയും വോട്ടുകൾ ഇങ്ങനെ വെട്ടിപ്പോയി.
കുളത്തൂപ്പുഴ എസ്റ്റേറ്റ് വാർഡിലെ ആർപിഎൽ കൂവക്കാട് ഗവ.
തമിഴ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ പന്ത്രണ്ടോളം പേർക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്ത കാരണത്താൽ വോട്ടു ചെയ്യാനായില്ല. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് ഉൾപ്പെടെയാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കോവിൽതോട്ടം വാർഡിലെ വോട്ടർമാരായിരുന്ന നാനൂറോളം പേർക്ക് വോട്ട് ചെയ്യാനായില്ല.
ചവറ ഗ്രാമപ്പഞ്ചായത്ത് കോവിൽത്തോട്ടം വാർഡിൽ നിന്നും 2000 ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എനിക്ക് വോട്ട് ചെയ്യാനായില്ല.
2007ന് ശേഷം ഞങ്ങളെ കരിമണൽ ഖനനത്തിനായി അവിടെ നിന്നും കുടിയൊഴിപ്പിച്ചതാണ്. എന്നാൽ 2025 ൽ കോവിൽത്തോട്ടം വാർഡ് ഇല്ലാതായതോടെ തങ്ങളുടെ വോട്ട് നഷ്ടപ്പെട്ടു.
പന്മന ഗ്രാമപ്പഞ്ചായത്തിലെ മേക്കാട് വാർഡിൽ താമസമാക്കിയ 125 ൽ അധികം കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. പുനരധിവാസിപ്പിക്കാനുള്ള സർക്കാർ നീക്കം നടക്കുന്നതിനിടെയാണ് വാർഡും വോട്ടും നഷ്ടമായത്.
നാനൂറോളം പേർക്കാണ് ഇത്തവണ വോട്ട് ചെയ്യാൻ കഴിയാതായത്. എന്റെ കുടുംബത്തിൽ 6 പേർക്ക് വോട്ട് ചെയ്യാനായില്ല.
എ.ലിയോൺ, കോവിൽത്തോട്ടം
ഇതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു.
എന്നാൽ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിച്ചില്ല. ഒരേ വീട്ടിൽ താമസിക്കുന്ന ഭർത്താവ് ഷെരീഫിന് വോട്ടുണ്ട്.
എന്നാൽ ഭാര്യയായ തനിക്ക് വോട്ട് ഇല്ല. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി വാർഡിലെ വോട്ടറാണ്.
രാവിലെ വോട്ട് ചെയ്യാനായി രണ്ടാം ബൂത്തായ കൈപ്പള്ളി ഗവ. എൽപി സ്കൂളിൽ പോയെങ്കിലും പേരില്ലെന്നു ചൂണ്ടിക്കാട്ടി തിരികെ അയയ്ക്കുകയായിരുന്നു.
കൈപ്പള്ളി വാർഡിലെ ആശാവർക്കർ കൂടിയായ തനിക്കു ഉണ്ടായ അനുഭവം ഏറെ വിഷമം ഉണ്ടാക്കി.
ആരിഫ ബീവി, ആയൂർ
കഴിഞ്ഞ 2 പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഞാൻ വോട്ട് ചെയ്തതാണ്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു.
പക്ഷേ ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എനിക്കു വോട്ടില്ലാതായി. കഴിഞ്ഞ ദിവസം വോട്ടർ സ്ലിപ്പുമായി പാർട്ടി പ്രവർത്തകർ എത്തിയപ്പോഴാണ് എനിക്കു വോട്ടില്ലെന്നു മനസ്സിലായത്.
വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
യു.സനിഷ, പുത്തൂർ
ഏരൂർ പഞ്ചായത്തിലെ അയിലറയിൽ ആയിരുന്നു എന്റെ വോട്ട്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തതാണ്. എന്നാൽ ഇന്നു വോട്ട് ചെയ്യാൻ പറ്റിയില്ല.
വോട്ടർ പട്ടികയിൽ പേരില്ല എന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ജനാധിപത്യ പ്രകിയയിൽ പങ്കെടുക്കാനുള്ള എന്റെ അവകാശമാണു നഷ്ടമായത്.
വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയത് നിയമ വിരുദ്ധമാണ്. കുറ്റക്കാർക്ക് എതിരെ നടപടി വേണം.
എസ്.ഷീല, ഏരൂർ
എന്റെ വോട്ട് എവിടെ പോയി, തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെ വോട്ടവകാശം നഷ്ടപ്പെട്ടു.
എന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. സ്ലിപ് ലഭിക്കാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വോട്ട് ഇല്ലെന്ന് അറിയുന്നത്.
സന്തോഷ്കുമാർ, ചാത്തന്നൂർ
തിരിച്ചറിയൽ രേഖയുമായി കൂവക്കാട് സ്കൂളിലെ വോട്ടിങ് ബൂത്തിൽ കയറിയപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്നും വോട്ട് ചെയ്യാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്.
തുടർന്ന് ഞാൻ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. എന്റെ വോട്ട് എങ്ങനെ നഷ്ടപ്പെട്ടു എന്ന് എനിക്കറിയില്ല.
പുഷ്പ റാണി, കുളത്തൂപ്പുഴ
തൃക്കരുവ പഞ്ചായത്ത് പ്രാക്കുളം പഴയ 13-ാം വാർഡിലാണ് വോട്ട് ഉണ്ടായിരുന്നത്. വാർഡ് വിഭജനത്തിന് ശേഷം ഇത് 15-ാം വാർഡ് ആയതോടെ എനിക്കും മകൾ ഡോ.
ബി.എസ്.ദേവിക, സഹോദരിയുടെ മകൾ ഡോ. ബി.എസ്.ആർഷ എന്നിവർക്ക് വോട്ട് ഇല്ലാതായി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്ലിപ്പ് എത്തിക്കാതിരുന്നത് തിരക്കിയപ്പോഴാണ് വോട്ട് ഇല്ലെന്ന് അറിയുന്നത്.
ബൈജു ഗംഗാധരൻ, പ്രാക്കുളം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

