സംസ്ഥാനത്ത് ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ നീളം വർധിപ്പിക്കാൻ തീരുമാനമായി. നിർമാണം അന്തിമഘട്ടത്തിലിരിക്കുന്ന പുതിയ പാലത്തോടൊപ്പം ഇരുവശങ്ങളിലേക്കും കൂടുതൽ സ്പാനുകൾ നിർമിച്ചാണ് പാലത്തിന്റെ ദൂരം കൂട്ടുന്നത്.
ഇതിനുപുറമേ കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ പുതിയ എലിവേറ്റഡ് ഹൈവേകളും നിർമിക്കുന്നതാണ്. പുതിയ ആകാശപ്പാതകളും അടിപ്പാതകളും യാഥാർത്ഥ്യമാക്കുന്നതിനായി 300 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
ആകാശപ്പാതകളുടെ നിർമാണം സംബന്ധിച്ച് അന്തിമ തീരുമാനമായതോടെ, പ്രതിസന്ധികളെ തുടർന്ന് മുടങ്ങിക്കിടന്ന ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുകയാണ്. കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് ആൽത്തറമൂട് വരെയുള്ള റീച്ചിലാണ് നിർമാണം തടസ്സപ്പെട്ടിരുന്നത്.
നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും കരാർ കമ്പനിക്ക് ഫണ്ട് ലഭ്യമാകുന്നതിലുണ്ടായ കാലതാമസവുമാണ് പ്രധാന പ്രതിസന്ധികളായി മാറിയത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) കരാർ കമ്പനിയായ വിശ്വസമുദ്രയും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് എലിവേറ്റഡ് ഹൈവേകളുടെ നീളം വർധിപ്പിക്കാൻ ധാരണയായത്.
കൊറ്റുകുളങ്ങര–കാവനാട് റീച്ചിൽ ആകെ 6.38 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേ വരുന്നത്. 31.5 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിൽ, ആകാശപ്പാതകൾ ഒഴികെയുള്ള 25.12 കിലോമീറ്റർ റോഡിന്റെ വികസന ജോലികൾ വേഗത്തിൽ പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്.
നീണ്ടകര പാലം
പ്രദേശത്തെ മണ്ണിലെ അസ്ഥിരതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സൂക്ഷ്മമായി വിലയിരുത്തിയാണ് നീണ്ടകര പാലത്തിന്റെ നീളം കൂട്ടാൻ തീരുമാനിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും കായലിനോട് ചേർന്നുകിടക്കുന്ന കരഭാഗത്ത് 3 സ്പാനുകൾ വീതം നിർമിച്ചാണ് പാലം ദീർഘിപ്പിക്കുന്നത്.
ഇതോടെ പുതിയ പാലങ്ങളുടെ ആകെ സ്പാനുകളുടെ എണ്ണം 16 ആയി ഉയരും. 1972ൽ നിർമിച്ച പഴയ പാലത്തിന് 422.5 മീറ്റർ ദൂരമാണുള്ളത്.
പുതിയ ഇരട്ടപ്പാലങ്ങളുടെ പണി അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് നിർമാണം സ്തംഭിച്ചത്. പ്രധാന മത്സ്യബന്ധന തുറമുഖം, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന നീണ്ടകരയിൽ പാലത്തിന്റെ നീളം വർധിപ്പിക്കുന്നത് പ്രദേശവാസികൾക്ക് വലിയ തോതിൽ ഗുണം ചെയ്യും.
ജനങ്ങളുടെ ശക്തമായ സമരങ്ങളും ഹൈക്കോടതിയുടെ ഇടപെടലുകളും പരിഗണിച്ചാണ് ഇവിടെ കാൽനടയാത്രക്കാർക്കായി അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയത്. തർക്കങ്ങളെ തുടർന്ന് നിർമാണ ജോലികൾ നിലച്ചതിനാൽ പ്രദേശത്ത് രൂക്ഷമായ യാത്രാക്ലേസമാണ് നിലനിൽക്കുന്നത്.
ദേശീയപാത കയ്യേറി കച്ചവടങ്ങൾ നടത്തുന്നതും കനത്ത അപകട ഭീഷണിക്ക് ഇടയാക്കുന്നുണ്ട്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ പുരോഗമിക്കുന്ന എലിവേറ്റഡ് ഹൈവേയിലേക്ക് 5 സ്പാനുകൾ കൂടി അധികമായി നിർമ്മിച്ച് താലൂക്ക് ആശുപത്രി ഭാഗത്തേക്ക് നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ നീളമുള്ള ഫ്ലൈഓവർ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
നിലവിലുള്ള ഒന്നര കിലോമീറ്റർ നീളത്തോടൊപ്പം 150 മീറ്റർ കൂടി പുതുതായി കൂട്ടിച്ചേർക്കും. മേൽപ്പാലത്തിന്റെ പണികൾ മുടങ്ങിക്കിടക്കുന്ന ഇവിടെ, സർവീസ് റോഡ് തകർന്നു കിടക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വവ്വാക്കാവിൽ നിന്ന് കരുനാഗപ്പള്ളിലേക്കുള്ള സർവീസ് റോഡ് 50 മീറ്ററിലേറെ ദൂരത്തിലാണ് തകർന്നിരിക്കുന്നത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്ന ഈ വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്.
ഓച്ചിറ
ഓച്ചിറയിൽ ഇരുഭാഗങ്ങളിലേക്കും 4 സ്പാനുകൾ വീതം നിർമിക്കുന്നത് പദ്ധതിയിലെ പ്രധാന കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ്. ഓച്ചിറയിൽ പ്രിമിയർ അടിപ്പാതയോട് ചേർന്ന് ഇരുവശങ്ങളിലുമായി 4 സ്പാനുകൾ വീതം ആകെ 240 മീറ്റർ നീളത്തിലാണ് പുതിയ ഫ്ലൈഓവർ നിർമിക്കുന്നത്.
തർക്കമുള്ള പ്രദേശങ്ങൾ മാറ്റിനിർത്തും
ചവറ ജംക്ഷൻ, ഇടപ്പള്ളിക്കോട്ട, കെഎംഎംഎൽ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേകൾ നിർമിക്കണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല. ഈ പ്രദേശങ്ങൾ തൽക്കാലം ഒഴിവാക്കി മറ്റ് ഭാഗങ്ങളിൽ നിർമാണം മുന്നോട്ടു കൊണ്ടുപോകാനാണ് കരാർ കമ്പനിക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇതിനിടെ പുത്തൻതെരുവിലെ അടിപ്പാത നിർമാണം മറ്റൊരു കരാറുകാരന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഫണ്ട് വിനിയോഗം
ഹൈബ്രിഡ് ആന്വിറ്റി മാതൃക (ഹാം) അടിസ്ഥാനമാക്കിയാണ് പദ്ധതിക്കുള്ള ഫണ്ട് വിനിയോഗം നടപ്പിലാക്കുന്നത്.
ഈ സംവിധാനപ്രകാരം പദ്ധതിയുടെ ആകെ ചെലവിന്റെ 40 ശതമാനം തുക ദേശീയപാത അതോറിറ്റി നേരിട്ട് വിവിധ ഘട്ടങ്ങളായി അനുവദിക്കും. ബാക്കി വരുന്ന 60 ശതമാനം തുക കരാർ കമ്പനിയാണ് കണ്ടെത്തേണ്ടത്.
ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെയാണ് കരാർ കമ്പനികൾ ഈ തുക സമാഹരിക്കുന്നത്. നിർമാണ ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, കേന്ദ്ര സർക്കാർ ഈ തുക പലിശ സഹിതം നിശ്ചിത വർഷങ്ങൾക്കുള്ളിൽ കരാർ കമ്പനിക്ക് തിരികെ നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

