പരവൂർ ∙ ദേശീയപാത നിർമാണത്തിനായി മണൽ കൊണ്ടുപോകുന്ന ലോറികളിൽ നിന്ന് റോഡിലേക്കു വീഴുന്ന മണൽ അപകടങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം അഞ്ചിലേറെ ഇരുചക്ര വാഹനയാത്രക്കാരാണ് റോഡിലേക്കു തൂകിയ മണലിൽ തെന്നി വീണ് ആശുപത്രികളിൽ ചികിത്സ തേടിയത്.
പൊഴിക്കര തീരദേശ റോഡ് മുതൽ തിരുമുക്ക് വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലുമാണു മണൽ വീണിരിക്കുന്നത്.
നനഞ്ഞ മണൽ മൂടാതെ കൊണ്ടുപോകുന്നതും ഈ വാഹനങ്ങൾ പലപ്പോഴും ഒതുക്കിനിർത്താതെ റോഡിൽ നിർത്തുന്നതും കാരണമാണ് മണൽ റോഡിലേക്കു വീഴുന്നത്. മണൽ നീക്കം ചെയ്യാൻ ഡ്രജിങ് കരാറെടുത്തവരെ ചുമതലപ്പെടുത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ദേശീയപാത നിർമാണത്തിനായി പരവൂർ കായലിൽ നിന്ന് ഡ്രജ് ചെയ്തെടുക്കുന്ന മണലാണു ലോറികളിൽ ചാത്തന്നൂർ ഭാഗത്തേക്കു കൊണ്ടുപോകുന്നത്.
30 ടണ്ണിലേറെ ഭാരമുള്ള ടോറസ് ലോറികൾ നിരന്തരമായി പൊഴിക്കര ചീപ്പ് പാലത്തിലൂടെ സഞ്ചരിക്കുന്നതു പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നതായി വ്യാപക പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ചീപ്പ് പാലത്തിന്റെ കൈവരി തകർന്നിരുന്നു. വാഹനമിടിച്ചതെന്നു സംശയിക്കുന്നു. ഭാരവാഹനങ്ങൾ പോകുന്നതു കാരണം റോഡിന്റെ വശങ്ങളിലെ തറയോടുകൾ തകരുകയും ജലവിതരണ പൈപ് പൊട്ടുകയും ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തു ടാർ ചെയ്ത റോഡിൽ ജലവിതരണ പൈപ്പ് ശരിയാക്കാൻ വീണ്ടും കുത്തിപൊളിക്കൽ ആരംഭിച്ചിട്ടുണ്ട്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ഭാരവാഹനങ്ങൾ തടഞ്ഞിരുന്നു.
പ്രതിഷേധം കനത്തതോടെ ഹാർബർ എൻജിനീയറിങ് വിഭാഗം ചീപ്പ് പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര തടയണമെന്നാവിശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്കു കത്ത് നൽകി. എന്നാൽ നഗരസഭയുടെയും പൊലീസിന്റെയും ഭാഗത്തു നിന്നു വാഹനങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

