കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിനു സമീപത്തെ താൽക്കാലിക റോഡിലൂടെ ബസുകളും ഭാരവാഹനങ്ങളും മൂന്നാഴ്ചയിലേറെയായി ഓടിയിട്ടും റോഡിനു പ്രശ്നമില്ല. പിന്നെയെന്തിനു മൂന്നു വർഷക്കാലം റോഡിലൂടെയുള്ള ബസുകളുടെ സർവീസ് തടഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കണമെന്നു നാട്ടുകാർ.
താൽക്കാലിക റോഡിലൂടെ ബസുകളുടെ സർവീസ് തടഞ്ഞതിനാൽ പഞ്ചായത്തിന്റെ തെക്കൻ മേഖലയിലുള്ള നൂറുകണക്കിനു യാത്രക്കാരാണ് വർഷങ്ങളോളം യാത്രാദുരിതം അനുഭവിച്ചത്. മൂന്നു വർഷക്കാലം റോഡിനു ബലക്ഷയമെന്നും ഇപ്പോൾ നല്ല ബലമെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ.
സമരം നടത്തിയിട്ടും അധികൃതർ കണ്ണുതുറന്നില്ല
താൽക്കാലിക റോഡിലൂടെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തി വിടണമെന്നു പാലം പണി തുടങ്ങിയ സമയം മുതൽ നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ഇതിനായി സമരം നടത്തി. റോഡിനു ബലക്ഷയം ഉണ്ടാകുമെന്ന കാരണം പറഞ്ഞു അന്ന് ബസുകൾ കടത്തി വിടാൻ അധികൃതർ തയാറായില്ല.
എന്നാൽ രാത്രികാലങ്ങളിൽ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ താൽക്കാലിക റോഡിലൂടെ പോകുമായിരുന്നു. തെക്കൻ മേഖലയിലുള്ളവർ നടന്നും ഓട്ടോറിക്ഷയിലുമായിരുന്നു ജംക്ഷൻ വരെയുള്ള യാത്ര.
ചേർത്തല, വൈക്കം റൂട്ടിലെ യാത്രക്കാർ പാലത്തിനു സമീപം ഇറങ്ങി താൽക്കാലിക റോഡിലൂടെ നടന്നാണു പോയിരുന്നത്.
പാലത്തിലൂടെ വൺവേ ഗതാഗതം
പാലം മൂന്നാഴ്ച മുൻപാണു തുറന്നു കൊടുത്തത്. പാലത്തിന്റെ സമീപനപാതയുടെ പണി പൂർത്തിയാകാത്തതിനാൽ പാലത്തിലൂടെ വാഹനങ്ങൾ വൺവേയായി ആണു പോകുന്നത്.
കോട്ടയത്തുനിന്നു വരുന്ന ബസുകളും ഭാരവാഹനങ്ങളും താൽക്കാലിക റോഡിലൂടെയും കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പാലത്തിലൂടെയുമാണ് അധികൃതർ കടത്തിവിടുന്നത്.
ബസ് യാത്രയോട് താൽപര്യക്കുറവ്
മൂന്നു വർഷക്കാലം ബസ് സർവീസ് ഇല്ലാതിരുന്ന അട്ടിപ്പീടിക, കൊഞ്ചുമട റൂട്ടിൽ വീണ്ടും ബസുകൾ സർവീസ് തുടങ്ങിയെങ്കിലും ഇവിടയുള്ളവർക്കു ബസ് യാത്രയോടു താൽപര്യം കുറഞ്ഞു.
വർഷങ്ങളായി നടന്നും ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലുമാണു സഞ്ചരിക്കുന്നത്.
ബസുകളുടെ കലക്ഷൻ കുറഞ്ഞു
അട്ടിപ്പീടിക, കൊഞ്ചുമട റൂട്ടുകളിലെ ബസുകൾക്ക് കലക്ഷൻ കുറഞ്ഞതായി ബസ് ഉടമകൾ പറയുന്നു.
താൽക്കാലിക ബണ്ടിലൂടെ ബസുകൾ കടത്തി വിടാതിരുന്നപ്പോൾ ആറ്റാമംഗലം പള്ളി വരെ വന്നു തിരികെ പോയിരുന്ന സമയത്ത് നല്ല കലക്ഷനായിരുന്നു. ചേർത്തല, വൈക്കം റൂട്ടിലെ യാത്രക്കാരും ഈ സമയത്ത് അട്ടിപ്പീടിക, കൊഞ്ചുമട
റൂട്ടുകളിലെ ബസിൽ കയറി ആറ്റാമംഗലം പള്ളി ഭാഗത്ത് ഇറങ്ങിയാണ് പോയിരുന്നത്. അതു കൊണ്ടാണ് നല്ല കലക്ഷൻ ലഭിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

