പാറശാല∙ വീടിനു മുന്നിലെ കൈച്ചാനലിൽനിന്ന് മലിനജലം കുത്തിയൊലിച്ചിറങ്ങുന്നതിനാൽ വീട്ടിൽ കഴിയാനാകാതെ കുടുംബം ദുരിതക്കയത്തിൽ. പാറശാല പഞ്ചായത്തിൽ തമിഴ്നാട് അതിർത്തിക്കുള്ളിൽപെട്ട
ഐങ്കാമം വാർഡിലെ ശരീരം തളർന്ന, ഭിന്നശേഷിക്കാരൻ മൺവിളക്കുഴി വീട്ടിൽ പുഷ്പരാജും(48) കുടുംബവുമാണ് ദുരിതത്തിലായത്. തെങ്ങിൽനിന്നു വീണ് കഴുത്തിനു താഴെ തളർന്നു. വീടിനോട് ചേർന്ന് നിർമിച്ച ചെറിയ കടയിൽ കിടന്നു കച്ചവടം നടത്തിയാണ് ഉപജീവനം.
നെയ്യാർ ഇറിഗേഷൻ കനാലിന്റെ കൈച്ചാനലിനോട് ചേർന്നാണ് പുഷ്പരാജിന്റെ ചെറിയ വീടും കടയും.
പഞ്ചായത്തിന്റെ ഭവനപദ്ധതി പ്രകാരം 2010ലാണ് വീട് നിർമിച്ചത്. ഏതാനും വർഷങ്ങളായി വെള്ളം തുറന്നുവിടാത്തതു മൂലം വറ്റിവരണ്ട
ചാനലിന്റെ രണ്ടു കിലോമീറ്ററോളം ദൂരം പലരും മണ്ണിട്ട് നികത്തി. ഇതോടെ ചെറിയ മഴ വന്നാൽ പോലും കുത്തിയൊഴുകിയെത്തുന്ന മലിനജലം താഴ്ന്ന സ്ഥലത്തിരിക്കുന്ന പുഷ്പരാജിന്റെ കടയുടെയും വീടിന്റെയും മുകളിലേക്ക് മറിയും.
ഇതുമൂലം വീട്ടിലോ കടയിലോ ഇരിക്കാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തു മുതൽ കലക്ടറേറ്റ് വരെ പലതവണ പരാതികൾ നൽകിയെങ്കിലും നടപടിയുമില്ല.
ജീവിക്കാൻ മറ്റു ഗതിയില്ലാതെയാണ് ചെറിയ കട തുടങ്ങിയത്.
തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ സുജയോ മക്കളോ രാവിലെ പുഷ്പരാജിനെ കടയിലെ വാട്ടർബെഡിൽ കിടത്തും. ആൾക്കാർ സാധനം വാങ്ങാനെത്തിയാൽ വളരെ കഷ്ടപ്പെട്ട് കട്ടിലിൽ വളഞ്ഞിരുന്ന് എടുത്തുകൊടുക്കും.
1600 രൂപ ക്ഷേമപെൻഷൻ കിട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്കും മരുന്നിനുമായി മാസം 3000 രൂപയുടെ ചെലവുണ്ട്. മൂന്ന് ആൺമക്കളിൽ രണ്ടു പേർ വിദ്യാർഥികളാണ്.
മഴവെള്ളവും മലിനജലവും വീട്ടിലേക്ക് ഒഴുകുന്നത് അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
അതേസമയം, മണ്ണ് നീക്കി കൈച്ചാനലിലെ ഒഴുക്ക് സുഗമമായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ എന്നും ഇതുസംബന്ധിച്ച് നൽകിയ പരാതിയിന്മേൽ മൈനർ ഇറിഗേഷൻ വിഭാഗവും പാറശാല പഞ്ചായത്തും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നും ഐങ്കാമം വാർഡ് അംഗം വി.മഹിളകുമാരി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

