പത്തനാപുരം∙ പട്ടയം നൽകാമെന്നു പറഞ്ഞ് ഒപ്പം കൂട്ടി, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കുടിയിറക്കു നോട്ടിസ്. പത്തനാപുരം പഞ്ചായത്തിൽ കുമ്പിക്കൽ ഭാഗത്ത് കെഐപി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കാണ് നോട്ടിസ് ലഭിച്ചത്.
നാൽപതു വർഷമായി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മാമൂട്ട് പുരയിടത്തിൽ ജമീലാ ബീവിക്കാണ് നോട്ടിസ് ലഭിച്ചത്. കെഐപി കനാലിന്റെ പുറമ്പോക്കിലുള്ളവർക്കു പട്ടയം നൽകുമെന്നു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപായി മന്ത്രിമാരടക്കം പറഞ്ഞിരുന്നു.
പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലെ കെഐപി പുറമ്പോക്കിലുള്ളവരുടെ ലിസ്റ്റ് ശേഖരിക്കുകയും ഭൂമിയുടെ അളവ് എടുക്കുകയും ചെയ്തു.
റവന്യു–ഇറിഗേഷൻ–വകുപ്പ് മന്ത്രിമാർ സംയുക്തമായി യോഗം ചേർന്നു പട്ടയ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ കെഐപി തന്നെ ഉന്നയിച്ച തടസ്സവാദം മൂലം പട്ടയ നടപടികൾ മരവിപ്പിച്ചു.
ഇതോടെ മന്ത്രിമാർ നേരിട്ട് സന്ദർശിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായി പ്രചാരണം. റവന്യു ഉദ്യോഗസ്ഥരും മന്ത്രിമാരും ഇതാവർത്തിച്ചു.
ശേഷം നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കനാൽ പുറമ്പോക്കിൽ പട്ടയം നൽകുമെന്ന് പ്രഖ്യാപനങ്ങളുണ്ടായി. എന്നാൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടതോടെ കുടിയിറക്ക് നോട്ടിസുകൾ നൽകുകയായിരുന്നെന്നാണ് ആക്ഷേപം.
കുമ്പിക്കൽ ഭാഗത്ത് 2 പേർക്കാണ് നിലവിൽ നോട്ടിസ് ലഭിച്ചത്.
നാൽപതു വർഷമായി ഷെഡ് കെട്ടി താമസിക്കുന്ന ജമീലയോട് വീടു പൊളിച്ചു നീക്കണമെന്നാണ് ആവശ്യം. ഇവിടെ നിന്ന് ഇറങ്ങിയാൽ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് ജമീലാ ബീവി പറയുന്നു.
സംഭവത്തിൽ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് യുഡിഎഫ്. കെഐപി ഓഫിസിലേക്കും മന്ത്രി ഗണേഷ്കുമാറിന്റെ ഓഫിസിലേക്കും മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

