ഉടമകൾക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ മൊബൈൽ ഫോണുകൾ തിരികെ നൽകി ശ്രദ്ധേയമാവുകയാണ് അഞ്ചാലുംമൂട് പൊലീസ്. 2024-ൽ കാണാതായ തന്റെ സ്മാർട്ട്ഫോൺ തിരികെ ലഭിച്ച പ്രാക്കുളം സ്വദേശി ബിജുവിന്റെ അനുഭവമാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.
അന്ന് ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സിഇഐആർ (സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) പോർട്ടലിൽ പൊലീസ് വിവരങ്ങൾ റജിസ്റ്റർ ചെയ്തിരുന്നു. ഈ മാസം മാത്രം ഈ സംവിധാനത്തിന്റെ സഹായത്തോടെ ആറ് ഫോണുകളാണ് സ്റ്റേഷന്റെ പരിധിയിൽ കണ്ടെത്താനായത്.
നിലവിൽ സ്റ്റേഷനിൽ സിഇഐആർ പോർട്ടലിന്റെ ചുമതല വഹിക്കുന്നത് സിപിഒ എസ്. അഭിജിത്ത് ആണ്.
ഈ മാസമാണ് അദ്ദേഹം ഈ ചുമതലയേറ്റെടുത്തത്. ഇതിനുമുമ്പ് ഈ ചുമതലയിലുണ്ടായിരുന്ന എസ്സിപിഒ മഹേഷ് കണ്ടെത്തിയ രണ്ട് ഫോണുകൾ കൂടി ഉൾപ്പെടുന്നതാണ് ഈ നേട്ടം.
എന്താണ് സിഇഐആർ പോർട്ടൽ? ഇന്ത്യയിൽ മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി കേന്ദ്ര ടെലികോം മന്ത്രാലയം അവതരിപ്പിച്ച ഔദ്യോഗിക സംവിധാനമാണിത്. ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
ഈ പോർട്ടലിൽ നമ്പർ റജിസ്റ്റർ ചെയ്താൽ രാജ്യത്തെ മുഴുവൻ ടെലികോം നെറ്റ്വർക്കുകളിലും ആ ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. പിന്നീട് പുതിയ സിം കാർഡ് ഉപയോഗിച്ചാലും സിം പോർട്ട് ബ്ലോക്ക് ആകുകയും ഫോൺ പൂർണ്ണമായും ഉപയോഗരഹിതമാവുകയും ചെയ്യും.
ഈ സാഹചര്യത്തിൽ പുതിയ സിം ഉപയോഗിക്കുന്ന ആളുടെ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാവുകയും യഥാർഥ ഉടമയുടെ നമ്പറിലേക്ക് സന്ദേശംയെത്തുകയും ചെയ്യും. ഈ വിവരം പൊലീസിന് കൈമാറുന്നതിലൂടെ അന്വേഷണം എളുപ്പമാകും.
ഫോൺ തിരികെ ലഭിച്ചുകഴിഞ്ഞാൽ ഉടമയ്ക്ക് ഈ പോർട്ടൽ വഴി തന്നെ ഫോൺ അൺബ്ലോക്ക് ചെയ്ത് സാധാരണ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം ഒരു ഡ്യൂപ്ലിക്കറ്റ് സിം കാർഡ് എടുക്കേണ്ടതാണ്.
പോർട്ടലിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കാൻ ഈ നമ്പർ നിർബന്ധമാണ്. തുടർന്ന് പൊലീസ് സ്റ്റേഷനിലോ ഓൺലൈനായോ പരാതി നൽകണം.
പരാതി ലഭിച്ചാലുടൻ സിഇഐആർ പോർട്ടൽ വഴി ഐഎംഇഐ നമ്പർ ഉപയോഗിച്ച് പൊലീസ് ഫോൺ പ്രവർത്തനരഹിതമാക്കും. ഡ്യുവൽ സിം ഫോണാണെങ്കിൽ രണ്ട് ഐഎംഇഐ നമ്പറുകളും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
ഈ ഫോണിൽ ആരെങ്കിലും പുതിയ സിം ഉപയോഗിക്കാൻ ശ്രമിച്ചാൽ പോർട്ടൽ വഴി പൊലീസിന് തത്സമയ വിവരം ലഭിക്കും. പുതിയ നമ്പറും സിം എടുക്കാൻ ഉപയോഗിച്ച ആധാർ മേൽവിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് ഫോണുകൾ വീണ്ടെടുക്കുന്നത്.
കേരളത്തിനകത്താണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ വളരെ വേഗത്തിൽ തന്നെ തിരികെ ലഭ്യമാക്കാൻ സാധിക്കും. കളഞ്ഞുകിട്ടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ ഫോണുകൾ അധികവും മൊബൈൽ കടകൾ വഴിയാണ് വിൽക്കപ്പെടുന്നത്.
അവിടെനിന്നും കൈമറിഞ്ഞുപോകുന്ന ഫോണുകൾ പുതിയ ഉടമയെ കണ്ടെത്തി പൊലീസ് തിരികെ വാങ്ങി നൽകുന്നു. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ആ ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ എന്ന് ഈ പോർട്ടൽ വഴി പരിശോധിക്കണമെന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

