തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മന്ത്രി വിളിച്ച യോഗത്തിൽ മേയർ പങ്കെടുക്കാത്തത് ചർച്ചയായി. മേയറുടെ അധ്യക്ഷതയിൽ ക്ഷേത്ര ട്രസ്റ്റ് ബോർഡ് ഹാളിൽ മിനിയാന്ന് വിളിച്ച യോഗം അവസാന നിമിഷം കോർപറേഷൻ കോൺഫറൻസ് ഹാളിലേക്ക് മാറ്റിയിരുന്നു. ഇതിലുള്ള പ്രതിഷേധത്തിലാണ് മേയർ പങ്കെടുക്കാത്തത് എന്നായിരുന്നു അഭ്യൂഹം. എന്നാൽ കണ്ണൂരിൽ ക്ഷേത്ര ദർശനത്തിനു പോകേണ്ടി വന്നതു കൊണ്ടാണ് മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതെന്നും ഇക്കാര്യം മന്ത്രിയെ അറിയിച്ചിരുന്നതായും മേയർ വി.വി.രാജേഷ് അറിയിച്ചു.
ആറ്റുകാൽ പൊങ്കാല ഉത്സവം: സബ് കലക്ടർ നോഡൽ ഓഫിസർ
തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവ നടത്തിപ്പിന് സബ് കലക്ടറെ നോഡൽ ഓഫിസർ ആയി നിയമിച്ചു.
റോഡ് ടാറിങ്, സുവിജ് ലൈനിലെ പ്രശ്നങ്ങൾ എന്നിവ അടുത്ത മാസം ആദ്യത്തോടെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉത്സവ നടത്തിപ്പിന് മുന്നോടിയായി കോർപറേഷൻ വിളിച്ച യോഗത്തിനു പിന്നാലെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ കൂടിയ അവലോകന യോഗത്തിലാണ് തീരുമാനം. ഉത്സവ സമയത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1500 പൊലീസുകാരെയും രണ്ടാം ഘട്ടമായി 3500 പേരെയും നിയോഗിക്കുമെന്ന് പൊലീസ് വകുപ്പ് യോഗത്തിൽ അറിയിച്ചു.
ക്ഷേത്രം പരിസരത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിപ്പിക്കും. ഡോക്ടർമാർ അടങ്ങിയ സ്പെഷൽ ടീം എല്ലാ ദിവസവും ഉണ്ടാകും.
പൊങ്കാല ദിവസം ശുചീകരണത്തിനായി 3600 തൊഴിലാളികളെ നിയോഗിക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
കൂടുതൽ ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധ ജല വിതരണം ഉറപ്പാക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. പൊങ്കാല ദിവസം നൂറിലധികം വാട്ടർ ടാങ്കുകൾ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
വിവിധ ഡിപ്പോകളിൽ നിന്ന് 800 സർവീസ് നടത്തുമെന്ന് കെഎസ്ആർടിസിയും പൊങ്കാലയോടനുബന്ധിച്ചു കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മന്ത്രി ജി .ആർ. അനിൽ, വി.കെ പ്രശാന്ത് എംഎൽഎ, ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, കലക്ടർ അനു കുമാരി, കോർപറേഷൻ സെക്രട്ടറി എസ് ജഹാംഗീർ, പാർലമെന്ററി പാർട്ടി നേതാക്കളായ എം.ആർ.ഗോപൻ, എസ്.പി.ദീപക്, ആർ,ഹരികുമാർ, ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

