കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിനിടെ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മോഷണത്തിന് തുടക്കമിട്ടത്.
പിക്കാസുമായി എത്തിയ പ്രതി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കുകയും മേശവലിപ്പിലുണ്ടായിരുന്ന പണം കവരുകയും ചെയ്തു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം നഷ്ടപ്പെട്ടില്ല.
എന്നാൽ, ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്ന ശേഷവും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പിൻവശത്തെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പൂട്ടിയിട്ടിരുന്ന മുറി തള്ളിത്തുറന്ന് പുറത്തെത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ക്ഷേത്രപരിസരത്ത് നിന്നും രണ്ട് ടോർച്ചുകൾ കണ്ടെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

