സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾൊഴികെയുള്ള 12 ജില്ലകളിലും നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുൾപ്പെടെയുള്ള വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തി നിരവധി ഡാമുകളുടെ ഷട്ടറുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. കൂടാതെ, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ കേരള തീരത്ത് മീന്‍പിടിത്ത വിലക്ക് കർശനമായി തുടരുന്നു.
നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും വിവിധ ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും ഉയർന്ന സാധ്യതയുള്ളതിനാൽ ജനങ്ങൾ രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്നലെ മധ്യകേരളത്തിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടതെങ്കിൽ, ഇന്നത്തെ സ്ഥിതി അനുസരിച്ച് മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. എങ്കിലും മഴ മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവധി ദിവസമാണെങ്കിലും പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ലെന്ന് അതത് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇതിനുപുറമെ, വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

