ഇടുക്കി ജില്ലയിലെ കുമളിയിൽ ഷട്ടർ തുറക്കാത്തതിനെ തുടർന്ന് ജലം ദിശ മാറി ഒഴുകി. കുളത്തുപാലം, റോസാപ്പൂക്കണ്ടം തോടുകളിൽ നിന്നുള്ള വെള്ളം തേക്കടി കനാലിൽ ചേരുന്ന ഭാഗത്തെ ഷട്ടർ തമിഴ്നാട് തുറക്കാതിരുന്നതിനെ തുടർന്നാണ് ഷട്ടറിന് സമീപത്തെ മൺതിട്ട
തകർത്ത് വെള്ളം കനാലിലേക്കൊഴുകിയത്. കുമളി മേഖലയിൽ നിന്നുള്ള വെള്ളം പെരിയാർ കടുവസങ്കേതത്തിന്റെ ഭാഗമായ ആനവച്ചാലിലൂടെയാണ് ഒഴുകി കനാലിൽ പതിക്കുന്നത്.
ഈ വെള്ളത്തിനൊപ്പം എത്തുന്ന മാലിന്യം തടയുന്നതിനാണ് ഇരുമ്പ്ഗേറ്റും ഷട്ടറും സ്ഥാപിച്ചിരിക്കുന്നത്. കാലവർഷം ദുർബലമായിരുന്നതിനാൽ തോട്ടിലൂടെ വെള്ളം കനാലിൽ എത്തിയിരുന്നില്ല.
എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളം കുതിച്ചെത്തിയപ്പോൾ ഷട്ടർ അടഞ്ഞുകിടന്നതിനാൽ വെള്ളം ദിശമാറി ഒഴുകി കനാലിൽ പതിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, മൂലമറ്റത്ത് കനത്ത മഴയെത്തുടർന്ന് ഒറ്റപ്പെട്ടുപോയ കിടപ്പുരോഗിയായ വയോധികയെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.
പുത്തേട് മൂലമറ്റത്താണ് സംഭവം. കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്നാണ് കിടപ്പു രോഗിയായ വയോധികയെ മൂലമറ്റം അഗ്നിരക്ഷാ സേന ദുരിതാശ്വാസ ക്യാംപിലെത്തിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടർന്നതിനാൽ ഇവിടേക്കുള്ള വഴി മലവെള്ളപ്പാച്ചിലിൽ തകർന്നു. ഇതോടെ വയോധിക താമസിക്കുന്ന പ്രദേശം ഒറ്റപ്പെട്ടു.
വിവരം അറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. വയോധികയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദുർഘടമായ വഴികളിലൂടെ ചുമന്ന് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാംപിലെത്തിച്ചു.
കനത്ത മഴയെയും വന പാതയിലെ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ രക്ഷാദൗത്യം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

