സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും മലയോര മേഖലകളിൽ നിന്നുള്ള കിഴക്കൻ വെള്ളത്തിന്റെ വരവിലും അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ദുരിതം വർദ്ധിക്കുന്നു. പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മാന്നാർ മേഖല കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നദീതീരവാസികൾ കനത്ത ആശങ്കയിലാണ് കഴിയുന്നത്. മാന്നാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ഇതിനോടകം തന്നെ ഈ പ്രദേശങ്ങളിലെ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പാവുക്കര, വള്ളക്കാലി മേഖലകളിലെ ചില ഇടറോഡുകളിൽ ഇന്നലെ രാവിലെയോടെ തന്നെ വെള്ളം എത്തിയിരുന്നു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുരട്ടിക്കാട് ആംബുലൻസ് പാലത്തിന്റെ പരുമല ഭാഗത്തുള്ള അപ്രോച്ച് റോഡിൽ വെള്ളം കയറിയത് ഗതാഗതം ദുഷ്കരമാക്കിയിട്ടുണ്ട്. മഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും കാരണം വരും മണിക്കൂറുകളിൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഇത് പ്രദേശവാസികളിൽ ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

