കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണശ്രമവും അക്രമവും അരങ്ങേറിയത്.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കടന്ന പ്രതി, സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ ഒരു മുറിയിൽ പൂട്ടിയിട്ട
ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയ ഇയാൾ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടക്കുകയും മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയുമായിരുന്നു.
തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷം ക്ഷേത്രനടയിലെ മേശയും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കൈക്കലാക്കി.
ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തെത്തുകയും മോഷ്ടാവുമായി ഏറ്റുമുട്ടുകയും ചെയ്തു. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.
പിടിവലിക്കിടയിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവ് ഉപേക്ഷിച്ച രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തു.
മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് എത്തിയ ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്ന് തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

