ചെറുപുഴയ്ക്കടുത്ത് മീന്തുള്ളിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഫാമിലെ ആയിരക്കണക്കിന് ഇറച്ചിക്കോഴികൾ ചത്തൊടുങ്ങി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കോഴിഫാമിലാണ് വൻ നാശനഷ്ടമുണ്ടായത്.
മൂന്നു ദിവസത്തിനകം വിപണനം നടത്താനിരുന്ന 6,300 കോഴികളാണ് ചത്തത്. രണ്ട് കെട്ടിടങ്ങളിലായി സൂക്ഷിച്ചിരുന്ന മുഴുവൻ കോഴികളും തീറ്റയും പൂർണ്ണമായും നശിച്ചു.
ഇതുവഴി ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് പ്രദേശത്ത് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായത്.
വെള്ളം കയറിയതിനെ തുടർന്ന് ഒരു കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ കോഴികളും ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. ചത്തൊടുങ്ങിയ കോഴികളെ പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി.
പുളിങ്ങോത്തെ ഓട്ടോറിക്ഷാ തൊഴിലാളികളായ എ.വി.ജയചന്ദ്രൻ, കെ.ബിനീഷ്, കെ.ബിനൂപ്, കെ.വിനോദ് എന്നിവർ ചേർന്ന് ഒരു വർഷം മുൻപാണ് ഈ സംരംഭം ആരംഭിച്ചത്. ബിനീഷിന്റെ ഭാര്യ പി.ആർ.സൂര്യയുടെ പേരിലാണ് ഫാം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
“കഷ്ടപ്പാടിൽനിന്ന് എങ്ങനെയെങ്കിലും കരകയറാമെന്നു കരുതിയാണു കോഴിവളർത്തൽ തുടങ്ങിയത്. മൂന്നുദിവസംകൂടി കഴിഞ്ഞിരുന്നെങ്കിൽ വിൽപന തുടങ്ങാമായിരുന്നു.
എന്നാൽ, പെരുമഴയിൽ 6,300 കോഴികളും ചത്തു. രക്ഷപ്പെടാനുള്ള അവസാനശ്രമവും ഇല്ലാതായി” – ഫാം നടത്തിപ്പുകാരിലൊരാളായ എ.വി.ജയചന്ദ്രൻ വ്യക്തമാക്കി.
5 ലക്ഷം രൂപ വീതം ഓഹരി എടുത്താണ് ഫാം തുടങ്ങിയത്. ഇതിനുമുമ്പ് ആറ് ബാച്ച് കോഴികളെ വളർത്തി വിറ്റിരുന്നു.
35 ദിവസം വളർത്തിയാൽ കിലോഗ്രാമിന് 13 രൂപ വരെ ലാഭം ലഭിച്ചിരുന്നു. ഇത്തവണ ഓണം വിപണി ലക്ഷ്യമിട്ടാണ് 6,300 കോഴികളെ ഇറക്കിയത്.
എന്നാൽ പ്രകൃതിക്ഷോഭം എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞു. കോഴികൾ ചത്തതുമൂലമുള്ള നഷ്ടം കുടുംബശ്രീ ഏറ്റെടുക്കുമെങ്കിലും കെട്ടിടത്തിന് സംഭവിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംരംഭകർ തന്നെ കണ്ടെത്തേണ്ടി വരും.
വർഷം 60,000 രൂപ പാട്ടം നൽകി 10 വർഷത്തെ കരാറിലാണ് കെട്ടിടം നിർമിച്ചത്. ഈ ദുരന്തത്തിന് ശേഷം ഇനി കോഴിവളർത്തൽ തുടരണമോ എന്ന കാര്യത്തിൽ ഇവർ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

