വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ നശിക്കുന്ന ചക്കയ്ക്ക് അയൽ സംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന ടൺ കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
നിലവിൽ കർണാടകയിലെ പ്രധാന കേന്ദ്രങ്ങളിൽ ചക്ക ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. ഇവിടെ പഴുത്ത ചക്കയും ചുളകളും പച്ചച്ചക്കയുമെല്ലാം മികച്ച വിലയ്ക്കാണ് വിറ്റഴിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്ക വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് ഈടാക്കുന്നത്; ഒരു ചുളയ്ക്ക് 6 രൂപ നിരക്കിലും വിൽപന നടക്കുന്നു.
ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാർക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കർണാടകയിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്.
വേനൽച്ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ ഉപയോഗിച്ചുള്ള പ്രത്യേക ഗതാഗത സംവിധാനമാണ് കച്ചവടക്കാർ ക്രമീകരിക്കുന്നത്. വർഷംതോറും വൻതോതിൽ ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും, തോട്ടങ്ങളിൽ വിളയുന്നതിന്റെ വലിയൊരു ഭാഗവും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്.
ജില്ലയിൽ ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനോ വിപണനം ചെയ്യുന്നതിനോ ആവശ്യമായ സംവിധാനങ്ങൾ അപര്യാപ്തമാണ്. പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റു പഴവർഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും, അവയുടെ വിപണന സാധ്യതകളോ സംസ്കരണ സൗകര്യങ്ങളോ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

