രാജ്യത്ത് ഇന്ധനവില വർധനവിന് പിന്നാലെ, പലിശ നിരക്കുകൾ ഉയർത്തുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുന്നോട്ട്. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ തുടരുന്ന ഇടിവ് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണനയത്തിൽ മാറ്റങ്ങൾ വരുത്താൻ ആർബിഐ ആലോചിക്കുന്നത്.
ജൂൺ 3 മുതൽ 5 വരെ നടക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. യുഎസ്-ഇറാൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം വർധിച്ച ഇറക്കുമതി ചെലവും വിദേശനാണ്യ ശേഖരത്തിലെ ഇടിവും പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 97 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നു. നിലവിൽ 5.25 ശതമാനമായ റീപ്പോ നിരക്ക് 50 മുതൽ 75 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: ‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’.
ആഗോള കേന്ദ്ര ബാങ്കുകളുടെ നയങ്ങളും സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കിലെ വർധനയും ഇന്ത്യയ്ക്ക് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. റീപ്പോ നിരക്കിലെ വർധനവ് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ പ്രതിഫലിക്കും.
ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) വർധിക്കുന്നതിനോ അല്ലെങ്കിൽ വായ്പയുടെ കാലാവധി നീളുന്നതിനോ ഇടയാക്കും. അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപകർക്ക് ഉയർന്ന പലിശ ലഭിക്കുമെന്നത് ഇതിലെ ഒരു അനുകൂല ഘടകമാണ്.
ഓഹരി വിപണിയെയും റിസർവ് ബാങ്കിന്റെ ഈ നടപടി നേരിട്ട് സ്വാധീനിച്ചേക്കാം. വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പാക്കുന്നതിനായി ഏകദേശം 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയായിരിക്കും ഈ തുക വിപണിയിലെത്തിക്കുക. ഇതിലൂടെ ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകും.
മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം ബാങ്കുകൾക്ക് ഈ ഡോളർ തിരികെ വാങ്ങാൻ അവസരമുണ്ടാകും. രൂപയുടെ മൂല്യം സംരക്ഷിക്കാനായി ആർബിഐ സ്വീകരിക്കുന്ന സുപ്രധാന നടപടിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

