ഇടുക്കി: കീരിത്തോട് പകുതിപ്പാലത്തുണ്ടായ ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഒരു കുടുംബം. നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് പകുതിപ്പാലത്തെ പ്രദേശവാസികൾ.
ഭീതിജനകമായ ആ രാത്രിയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രാദേശികവാസിയായ ആതിര. ഭീതിയുടെ ആ രാത്രി കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഭർത്താവ് ജോബിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
അപകട നിമിഷങ്ങളെക്കുറിച്ച് ആതിര പറയുന്നതിങ്ങനെ: “ആ രാത്രിയെ പറ്റി ഓർക്കാൻ ഭയമാണ്.
വൈകുന്നേരത്തോടെ തുടങ്ങി അതിശക്തമായ മഴ. പുറത്ത് എന്താണ് നടക്കുന്നതെന്നുപോലും അറിയാൻ കഴിയുന്നില്ല.
ഉറങ്ങാൻ ഭയമായതിനാൽ 12.30 വരെ മക്കളെയും അടുത്തിരുത്തി ടിവി ഓൺ ചെയ്തിരുന്നു. ഭർത്താവ് ജോബിക്ക് അപകടം സംഭവിച്ച് ഒരു കയ്യിൽ സ്റ്റീൽ ഇട്ടിരിക്കുന്നു.
നന്നായി ഉറക്കം വന്നപ്പോൾ മക്കളുമായി കിടന്നു. വെറും ഒരു മണിക്കൂർ!
ഒന്നരയോടെ കാതടപ്പിക്കുന്ന ശബ്ദം. പുറത്തിറങ്ങാൻ ഭയം.
നേരം വെളുക്കാൻ പ്രാർഥിച്ചുകൊണ്ട് ഹാളിൽ ഇരുന്നു. രണ്ട് മക്കളെയും ഇരുകയ്യിലും അടക്കിവച്ച് രാവിലെ 7.30 വരെ ആ ഇരിപ്പ്.
രാവിലെയാണ് മുകളിൽ ഉരുൾപൊട്ടിയെന്ന് അറിയുന്നത്. ഉരുളൻ പാറകളും മരങ്ങളും ഉരുളിനൊപ്പം പൊട്ടിയൊലിച്ചെത്തി.” ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി ഉരുൾപൊട്ടലിൽ റോഡരികിലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം പൂർണമായി തകരുകയും അവശിഷ്ടങ്ങൾ ഒലിച്ചുപോകുകയും ചെയ്തു.
ദുരന്തത്തിനു പിന്നാലെ ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. ഇതിനുശേഷമുള്ള സാഹചര്യങ്ങൾ ആതിര വിവരിക്കുന്നു: “വീടിന് മുകളിലെ റോഡരികിലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അവിടെ കാണുന്നില്ല.
അതിന്റെ അവശിഷ്ടങ്ങളും വീടിന് അരികിലൂടെ ഒലിച്ചു പോയിട്ടുണ്ട്. തൊട്ടടുത്ത് താമസിക്കുന്ന മുപ്പതിലധികം കുടുംബങ്ങളും ഞെട്ടിത്തരിച്ച് ഇരിക്കുന്നു.
കിട്ടിയതെല്ലാം വാരിപ്പെറുക്കി കുട്ടികളെയുമെടുത്ത് ഇറങ്ങി. മൂത്ത മകൾ 6 വയസ്സുകാരി ആൽജ പഠിക്കുന്ന കീരിത്തോട് ഗവ.
എൽപി സ്കൂളിൽ ക്യാംപ് തുറന്നതോടെ എല്ലാവരും അങ്ങോട്ട് മാറി. മൂത്തമകൾ ആൽജയ്ക്ക് പേടി കാരണം ബന്ധു വീട്ടിൽ നിർത്തിയിരിക്കുകയാണ്.
രണ്ടര വയസ്സുകാരി ആൽഫിയ ഇപ്പോഴും നന്നായി ഉറങ്ങുന്നില്ല.” കുമളി സ്വദേശിയായ ആതിര 2018-ലെ പ്രളയശേഷമാണ് വിവാഹിതയായി പകുതിപ്പാലത്തേക്ക് താമസം മാറിയത്. സാധാരണയായി മഴക്കാലത്ത് ഇവർ സ്വന്തം വീട്ടിലേക്ക് മാറാറുണ്ടായിരുന്നെങ്കിലും, ഇത്തവണ കനത്ത മഴ മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതിനാലാണ് സ്വന്തം വീട്ടിൽ തന്നെ തുടർന്നത്.
പകുതിപ്പാലത്തെ മുപ്പതോളം കുടുംബങ്ങൾക്കും സമാനമായ അതിജീവനത്തിന്റെ കഥകളാണ് പറയാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

