കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് ഇനി 8 ദിവസം മാത്രം. മുന്നണികൾ നോക്കിയും കണ്ടും സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിൽ പണി പാളും.
ആർക്കൊക്കെ മത്സരിക്കാമെന്നും ആരൊക്കെ മത്സരിച്ചുകൂടാ എന്നും മനസ്സിലാക്കാതെ സമർപ്പിക്കുന്ന പത്രികകൾ നിരസിക്കപ്പെടാം. സ്ഥാനാർഥികളെ തീരുമാനിക്കും മുൻപ് അവർക്കു തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോയെന്നു പാർട്ടികൾ ഉറപ്പാക്കണം.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തത വരുത്തി സർക്കുലർ ഇറക്കിയിട്ടുണ്ട്.
ആരൊക്കെ മത്സരിക്കരുത്?
∙ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മത്സരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കാനാകില്ല.
സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലെയോ സർവകലാശാലയിലെയോ ജീവനക്കാർക്കും സ്ഥാനാർഥിയാകാനാകില്ല. പാർട്ടൈം-ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാർക്കും ഇതു ബാധകം.
സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ കരാറിൽ ഏർപെട്ടിരിക്കുന്നവർക്കും മത്സരിക്കാനാകില്ല. പഞ്ചായത്തിലെയോ നഗരസഭയിലെയോ പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. കെഎസ്ആർടിസി ജീവനക്കാർ, എം പാനൽ കണ്ടക്ടർ, ഡ്രൈവർ, വൈദ്യുത ബോർഡ് ജീവനക്കാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ട
താൽക്കാലിക ജീവനക്കാർ എന്നിവർക്കും മത്സരിക്കാനാകില്ല. സർക്കാരിലും തദ്ദേശസ്ഥാപനത്തിലും ഏതെങ്കിലും സാമ്പത്തിക കുടിശികയുള്ളവർ അയോഗ്യരാണ്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് മൂന്നുമാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ആൾക്ക് മത്സരിക്കാനാകില്ല.
ശിക്ഷകഴിഞ്ഞു ജയിൽ മോചിതനായി ആറുവർഷം വരെ അയോഗ്യത തുടരും. എന്നാൽ കേസുകളിൽ പ്രതിയായതു കൊണ്ടുമാത്രം ഒരാളെ മത്സരത്തിൽ നിന്നു വിലക്കാനാവില്ല.
ആർക്കൊക്കെ മത്സരിക്കാം?
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് അവിടത്തെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം.
നാമനിർദേശപത്രിക നൽകുന്ന ദിവസം 21 വയസ്സു തികയണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം.
സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നൽകണം. അങ്കണവാടി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്കു പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം.
എന്നാൽ, സാക്ഷരതാ പ്രേരക്മാർക്കു ഗ്രാമപ്പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. കുടുംബശ്രീ സിഡിഎസ് ചെയർപഴ്സന്മാർക്ക് മത്സരിക്കാം.
അയോഗ്യർക്ക് മത്സരിക്കാമോ?
∙ അഴിമതി, കൂറില്ലായ്മ എന്നിവമൂലം ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ടവർക്ക് അഞ്ചുവർഷത്തേക്കു മത്സരിക്കാനാവില്ല.
മത്സരിച്ചശേഷം തിരഞ്ഞെടുപ്പു കണക്ക് യഥാസമയം നൽകാത്തവർക്ക് അഞ്ചുവർഷം അയോഗ്യതയുണ്ടാകും. ഗ്രാമസഭയുടെയോ വാർഡുസഭയുടെയോ യോഗം വിളിച്ചുകൂട്ടുന്നതിൽ വീഴ്ചവരുത്തുക, അംഗമായി തുടരവേ തദ്ദേശസ്ഥാപനത്തിന്റെയോ അതിന്റെ സ്ഥിരസമിതികളുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുക എന്നിവ മൂലമുണ്ടായ അയോഗ്യത വീണ്ടും മത്സരിക്കുന്നതിനു തടസ്സമല്ല.
അറിയണം ഇതുകൂടി
∙ ഒരാൾ ബധിര-മൂകനാണെങ്കിൽ മത്സരിക്കാനാകില്ല. പ്രാക്ടിസ് ചെയ്യുന്നതിൽ നിന്നു വിലക്കപ്പെട്ട
അഭിഭാഷകർ, തദ്ദേശസ്ഥാപനത്തിനു വേണ്ടി പ്രതിഫലം പറ്റി അഭിഭാഷകനായി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കും മത്സരിക്കാനാകില്ല. ഒരാൾക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാർഡിലേക്കേ മത്സരിക്കാനാകൂ. ഒന്നിൽക്കൂടുതൽ വാർഡിൽ മത്സരിച്ചാൽ എല്ലാ നാമനിർദേശപത്രികയും നിരസിക്കും. എന്നാൽ, ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

