മൂന്നാർ ∙ കടയ്ക്കുള്ളിൽ തലയുയർത്തി നിൽക്കുന്ന പച്ചപ്പാർന്ന മരവും അതിനെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിക്കുന്ന ഉടമയും. മൂന്നാർ – വട്ടവട
റോഡിലെ എല്ലപ്പെട്ടിയിലുള്ള ‘മാതാ ഹോട്ടൽ’ സന്ദർശകർക്ക് വെറുമൊരു ഭക്ഷണശാല മാത്രമല്ല, ഒരു വലിയ പ്രകൃതിസ്നേഹത്തിന്റെ സാക്ഷ്യം കൂടിയാണ്. എല്ലപ്പെട്ടി ഫാക്ടറിയിലെ വാച്ചറായ ആന്റണി സാമുവേൽ (50) തന്റെ കടയ്ക്കുള്ളിലെ ഈ മരത്തെ ചേർത്തുപിടിച്ചിട്ട് ഇപ്പോൾ മുപ്പത് വർഷം തികയുന്നു.
വർഷങ്ങൾക്ക് മുൻപ് എല്ലപ്പെട്ടി ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ച കാലത്ത്, അധികവരുമാനം ലക്ഷ്യമിട്ടാണ് ആന്റണി പാതയോരത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടി ചെറിയൊരു ചായക്കട തുടങ്ങിയത്.
അന്ന് അവിടെയുണ്ടായിരുന്ന ചെറിയ മരത്തെ വെട്ടിക്കളയാൻ ആന്റണി തയ്യാറായില്ല. പിന്നീട് കട
വിപുലീകരിച്ച് വലിയ ഹോട്ടലാക്കിയപ്പോഴും മരത്തിന് യാതൊരു കോട്ടവും സംഭവിക്കാത്ത വിധത്തിലാണ് നിർമ്മാണം നടത്തിയത്. ഹോട്ടലിലെ അടുപ്പിൽ നിന്നുള്ള ചൂട് തട്ടി മരം നശിക്കാതിരിക്കാനും സന്ദർശകർ പിടിച്ച് കേടുവരുത്താതിരിക്കാനുമായി മരത്തിന് ചുറ്റും ഇരുമ്പ് തകിട് പൊതിഞ്ഞ് ആന്റണി സുരക്ഷയൊരുക്കിയിട്ടുണ്ട്.
മരത്തിന് ആകാശത്തേക്ക് സ്വതന്ത്രമായി വളരാൻ പാകത്തിൽ മേൽക്കൂരയിൽ പ്രത്യേക വിടവ് നൽകിയാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. മുപ്പത് വർഷമായി ഒരു തടസ്സവുമില്ലാതെ ഹോട്ടലിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മരം ഇന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാരുടെ പ്രധാന കൗതുകക്കാഴ്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

