തുറവൂർ: കെട്ടിട ഉടമയുടെ ആകസ്മികമായ ഇടപെടലിൽ എരമല്ലൂർ കെഎസ്എഫ്ഇ ശാഖയിലെ വൻ കവർച്ചാ ശ്രമം ഒഴിവായി.
ഞായറാഴ്ച രാവിലെ പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാൻ എത്തിയ ഉടമ വി. ഉത്തമൻ മോഷ്ടാക്കളുടെ സന്നാഹങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ലക്ഷക്കണക്കിന് രൂപയുടെ കവർച്ചാ നീക്കം പാളിയത്.
തന്റെ ഉടമസ്ഥതയിലുള്ളതും നിലവിൽ താമസക്കാരില്ലാത്തതുമായ പഴയ വീടിന്റെ മീറ്ററിൽ നിന്ന് കെഎസ്എഫ്ഇ കെട്ടിടത്തിലേക്ക് ഇലക്ട്രിക് കേബിൾ വലിച്ചിരിക്കുന്നത് ഉത്തമന്റെ ശ്രദ്ധയിൽപ്പെട്ടു. കെട്ടിടത്തിന് സമീപം ഏണി ചാരി വെച്ചിരിക്കുന്നതും കണ്ട് സംശയം തോന്നിയ ഇദ്ദേഹം ഉടൻ കെഎസ്എഫ്ഇ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മാനേജരും ജീവനക്കാരും എത്തി നടത്തിയ പരിശോധനയിലാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ചാ സംഘം എത്തിയതെന്ന് പോലീസ് കരുതുന്നു.
സമീപത്തെ പരസ്യ ബോർഡിന്റെ നിർമ്മാണത്തിനായി എത്തിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾ മുറിച്ചാണ് ഇവർ ഏണി നിർമ്മിച്ചത്. ലോക്കറുകൾ തകർക്കാൻ ആവശ്യമായ ഗ്യാസ് കട്ടറുകൾ പ്രവർത്തിപ്പിക്കാനാണ് സമീപത്തെ വീട്ടിൽ നിന്ന് വൈദ്യുതി എടുത്തത്.
കട്ടറുകൾ ഉപയോഗിച്ച് പൂട്ടുകൾ തകർത്ത് അകത്ത് കടന്നെങ്കിലും ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ കൊണ്ടു വന്ന ഉപകരണങ്ങളും മുറിക്കാൻ ഉപയോഗിക്കുന്ന വിവിധ തരം ബ്ലേഡുകളും അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
അവധി ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കവർച്ചാ നീക്കം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
കെട്ടിടത്തിന്റെ പുറകുവശത്തെ കാടുപിടിച്ച പ്രദേശവും മോഷ്ടാക്കൾക്ക് സഹായകരമായി. ആലപ്പുഴ ഡിവൈഎസ്പി വി.ജി.
മുകേഷ്, അരൂർ എസ്ഐ വി.എ. അബീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

