മാനന്തവാടി നഗരസഭയുടെ ബസ് സ്റ്റാൻഡ് കെട്ടിടം സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലും യാത്രക്കാരുടെ വൻ തിരക്ക് തുടരുന്നു. കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന കടകളും മറ്റ് സ്ഥാപനങ്ങളും നഗരസഭ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.
കൂടാതെ, കെട്ടിടത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളും വിഛേദിച്ചു. എങ്കിലും, പുലർച്ചെ മുതൽ രാത്രി വൈകും വരെ ദീർഘദൂര യാത്രക്കാരടക്കം നിരവധി പേരാണ് ഇപ്പോഴും ഇവിടെ തങ്ങുന്നത്.
വൈദ്യുതി ബന്ധം വിഛേദിച്ചതോടെ സന്ധ്യകഴിഞ്ഞാൽ ബസ് സ്റ്റാൻഡ് പരിസരം പൂർണ്ണമായും ഇരുട്ടിലാവുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഏറെ നേരം ഇരുട്ടിൽ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ നഗരസഭാ അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കെട്ടിടം പൊളിച്ചുനീക്കുന്നത് വരെ ചുരുങ്ങിയപക്ഷം വെളിച്ചത്തിനുള്ള താൽക്കാലിക സൗകര്യം എങ്കിലും ഒരുക്കാൻ നഗരസഭ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് കൊയിലേരി ഉദയ വായനശാലാ പ്രസിഡന്റ് ഷാജി തോമസ് കുറ്റപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് കൊയിലേരി ഉദയ വായനശാല ആവശ്യപ്പെട്ടു.
അതേസമയം, പ്രശ്ന പരിഹാരത്തിനായി നടപടികൾ ആരംഭിച്ചതായി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഇലക്ട്രിക്കൽ വയറിങ്ങുകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ഇന്ന് മുതൽ ആരംഭിക്കും.
ഇതിനുപുറമെ, കോഴിക്കോട് റോഡിലുള്ള ടൂറിസ്റ്റ് കാർ സ്റ്റാൻഡിൽ ബസ് യാത്രക്കാർക്കായി പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം നാളെ ആരംഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഈ കേന്ദ്രം നിർമിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാനാണ് കരാർ നൽകിയിരിക്കുന്നതെന്നും ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

