തിരുവനന്തപുരം: കേരളത്തിൽ മെയ് 14 വരെ ശക്തമായ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം ലഭിക്കുന്ന മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഇടിമിന്നൽ അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ആകാശം മേഘാവൃതമാകുമ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെ ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണം.
ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് വാതിലുകളും ജനലുകളും അടയ്ക്കണം. കെട്ടിടത്തിനകത്ത് ഇരിക്കുമ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ശ്രദ്ധിക്കുന്നത് അപകടമൊഴിവാക്കാൻ സഹായിക്കും.
യാത്ര ചെയ്യുന്നവർ കാർ പോലുള്ള അടച്ചുകെട്ടിയ വാഹനങ്ങൾക്കുള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിലുള്ള യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.
പെട്ടെന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ കഴിയാത്ത സാഹചര്യത്തിൽ തുറസ്സായ സ്ഥലത്താണെങ്കിൽ, പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ചുരുണ്ടിരിക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത കുറയ്ക്കും. കെട്ടിടങ്ങളുടെ സുരക്ഷയ്ക്കായി മിന്നൽ രക്ഷാചാലകങ്ങളും വൈദ്യുതോപകരണങ്ങൾക്കായി സർജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് ഉചിതമാണ്.
മിന്നലുള്ള സമയത്ത് ടെറസിലോ ഉയർന്ന സ്ഥലങ്ങളിലോ പോകരുത്. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ അവർക്ക് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.
കാഴ്ചയോ കേൾവിയോ നഷ്ടപ്പെടാനോ ഹൃദയാഘാതം സംഭവിക്കാനോ സാധ്യതയുള്ളതിനാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ നൽകുന്ന കൃത്രിമശ്വാസം ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്. എത്രയും വേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കണമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

